മുംബൈ :വനിത ഐപിഎല്‍ ടീമുകള്‍ക്കായുള്ള ലേലത്തില്‍ കോടികള്‍ വാരി ബിസിസിഐ. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്‌നൗ എന്നീ അഞ്ച് ടീമുകളുടെ ലേലത്തിലൂടെ 4669.99 കോടി രൂപയാണ് ബിസിസിഐക്ക് ലഭിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
2008ല്‍ പുരുഷ ഐപിഎല്ലിന്‍റെ ആദ്യ പതിപ്പിനായുള്ള ടീമുകളുടെ ലേലത്തിൽ നിന്ന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണിതെന്നും ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) എന്നാണ് വനിത ഐപിഎല്ലിന് ബിസിസിഐ ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്.
"വിമൻസ് പ്രീമിയര്‍ ലീഗ് വനിത ക്രിക്കറ്റില്‍ ഒരു വിപ്ലവത്തിന്‍റെ തുടക്കം കുറിക്കും. വനിത ക്രിക്കറ്റ് താരങ്ങൾക്ക് മാത്രമല്ല, മുഴുവൻ കായിക സാഹോദര്യത്തിനും വേണ്ടിയുള്ള പരിവർത്തനാത്മകമായ ഒരു യാത്രയ്ക്ക് വഴിയൊരുക്കുന്നതാണിത്. വിമൻസ് ലീഗിലൂടെ വനിത ക്രിക്കറ്റിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരും'' - ജയ് ഷാ വ്യക്തമാക്കി.
അഹമ്മദാബാദ് ടീമിനെ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് 1289 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. 912.99 കോടിക്ക് മുംബൈ ടീമിനെ ഇന്ത്യാവിന്‍ സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് നേടിയത്.
ബെംഗളൂരു ഫ്രാഞ്ചൈസിക്കായി റോയല്‍ ചലഞ്ചേഴ്‌സ് സ്പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് 901 കോടി രൂപയാണ് മുടക്കിയത്. ഡല്‍ഹിക്കായി ജെഎസ്‌ഡബ്ല്യു ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിയാണ് വീശിയത്. ലഖ്‌നൗ ഫ്രാഞ്ചൈസിയെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്ക്കും സ്വന്തമാക്കി.