മുംബൈ: ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ടീമിന്‍റെ പ്രകടനത്തില്‍ സംതൃപ്‌തനാണെന്ന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ കൊല്‍ക്കത്ത 128 റണ്‍സിന് പുറത്തായിരുന്നു. നാല് വിക്കറ്റെടുത്ത ഹസരങ്കയും മൂന്ന് വിക്കറ്റെടുത്ത ആകാശ് ദീപും രണ്ട് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലുമാണ് സംഘത്തെ എറിഞ്ഞിട്ടത്.
എന്നാല്‍ മത്സരത്തിന്‍റെ അവസാന ഓവറിലാണ് ബാംഗ്ലൂരിന് ജയം പിടിക്കാനായത്. "എനിക്ക് ഈ ഗെയിം ശരിക്കും ആവേശകരമായി തോന്നി. മത്സരത്തിനിറങ്ങും മുമ്പ് സഹതാരങ്ങളോട് ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങൾ പ്രതിരോധിച്ചാലും ഇല്ലെങ്കിലും കളിക്കളത്തിലെ നമ്മുടെ സ്വഭാവത്തെയും മനോഭാവത്തെയും ഈ ഗെയിം നിർവചിക്കുമെന്നാണ് അവരോട് പറഞ്ഞത്.
ഞങ്ങൾ ഗ്രൗണ്ടിൽ പോരാടുന്ന രീതി, അടുത്ത കുറച്ച് ഗെയിമുകളിൽ ഞങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കും. ഞങ്ങൾ ഈ ഗെയിം കളിച്ച രീതിയിലും അവസാന ഓവർ വരെ എടുത്തതിലും എനിക്ക് അഭിമാനമുണ്ട്." മത്സര ശേഷം ശ്രേയസ് പറഞ്ഞു.
also read:ഐപിഎല്‍: കളിക്കളത്തില്‍ നെയ്‌മറായതെന്തിന്?; കാരണം വെളിപ്പെടുത്തി ഹസരങ്ക
40 പന്തില്‍ 28 റണ്‍സെടുത്ത റൂഥര്‍ഫോര്‍ഡ് ബാംഗ്ലൂരിന്‍റെയും 18 പന്തില്‍ 25 റണ്‍സെടുത്ത റസ്സലും കൊല്‍ക്കത്തയുടേയും ടോപ് സ്‌കോറര്‍മാരായി. ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ ഇരുടീമുകളുടെയും ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കൊല്‍ക്കത്തക്കായി ടിം സൗത്തി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, ബാംഗ്ലൂരിനായി ഹസരങ്ക നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി.