ബെംഗളൂരു: അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore) പരിശീലക വേഷമണിയാന്‍ ആന്‍ഡി ഫ്ലവര്‍ (Andy Flower) എത്തും. സഞ്ജയ് ബംഗാര്‍ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് ആന്‍ഡി ഫ്ലവര്‍ ടീമില്‍ പുതിയ സ്ഥാനമേറ്റെടുക്കാനെത്തുന്നത്. കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (Lucknow Super Giants) പരിശീലകനായിരുന്നു മുന്‍ സിംബാബ്‌വെ താരം.
കെഎല്‍ രാഹുല്‍ (KL Rahul) നായകനായ ടീമിനെ അവസാന രണ്ട് വര്‍ഷങ്ങളിലും പ്ലേ ഓഫിലെത്തിക്കാന്‍ ആന്‍ഡി ഫ്ലവറിന് സാധിച്ചിരുന്നു. എന്നാല്‍ ടീമുമായി രണ്ട് വര്‍ഷത്തെ കരാറായിരുന്നു 55കാരനായിരുന്ന മുന്‍ താരത്തിനുണ്ടായിരുന്നത്. ഫ്ലവറുമായുള്ള കരാര്‍ അവസാനിച്ചതോടെ മുന്‍ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറെ ലഖ്‌നൗ കൂടാരത്തിലെത്തിച്ചിരുന്നു.
ലഖ്‌നൗ വിട്ട ആന്‍ഡി ഫ്ലവര്‍ രാജസ്ഥാന്‍ റോയല്‍സ് (Rajastan Royals) ഉള്‍പ്പടെയുള്ള ഫ്രാഞ്ചൈസികളുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഐപിഎല്ലില്‍ ആദ്യ കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് പരിശീലകനെ റാഞ്ചിയത്. ലോകമെമ്പാടും ടി20 ക്രിക്കറ്റില്‍ ടീമുകളെ പരിശീലിപ്പിച്ച അനുഭവ പരിചയം ആര്‍സിബിയുടെ മുന്നോട്ടുള്ള യാത്രയെ ഏറെ സ്വാധീനിക്കുമെന്നാണ് കരുതുന്നതെന്ന് ടീം പ്രസ്‌താവനയിലൂടെ അറിയിച്ചു. അടുത്ത സീസണില്‍ ഫാഫ് ഡുപ്ലെസിസ് (Faf Du Plessis) ആന്‍ഡി ഫ്ലവര്‍ സഖ്യത്തിന് കീഴിലാകും ആര്‍സിബി കളിക്കുക.
സിംബാബ്‌വെയ്‌ക്കായി 213 ഏകദിനത്തില്‍ നിന്നും 63 ടെസ്റ്റുകളില്‍ നിന്നും 10,000ല്‍ അധികം റണ്‍സ് നേടിയാണ് ആന്‍ഡി ഫ്ലവര്‍ ദേശീയ കുപ്പായമഴിച്ചത്. തുടര്‍ന്ന് പരിശീലക വേഷമണിഞ്ഞ അദ്ദേഹം ലോകമെമ്പാടുമായി നിരവധി ടീമുകള്‍ക്കായി പ്രവര്‍ത്തിച്ചു. 2009 - 2014 കാലയളവില്‍ ഇംഗ്ലണ്ട് പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.