മുംബൈ : ഐപിഎല്ലില്‍ ഏറെ ആരാധകരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി). ലീഗ് 15ാം സീസണിലെത്തി നില്‍ക്കുമ്പോഴും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കം നയിച്ച ടീമിന് ഇതേവരെ കിരീടം നേടാനായിട്ടില്ല. എന്നാല്‍ അവരുടെ ആരാധകവൃന്ദത്തിന് യാതൊരു കൊട്ടവും സംഭവിച്ചിട്ടില്ലെന്നത് തെളിയിക്കുന്നതാണ് ഗ്യാലറികളിലെ ആരവം.
ഇപ്പോഴിതാ ചെന്നൈക്കെതിരെ ചൊവ്വാഴ്‌ച നടന്ന മത്സരം കാണാനെത്തിയ ആര്‍സിബിയുടെ ഒരു കട്ട ആരാധിക ഉയര്‍ത്തിക്കാണിച്ച ബാനര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആര്‍സിബി ഐപിഎല്‍ കപ്പ് നേടുന്നത് വരെ താന്‍ വിവാഹം കഴിക്കില്ലെന്നാണ് പെണ്‍കുട്ടി ഉയര്‍ത്തിയ ബാനറില്‍ എഴുതിയിരുന്നത്. ഇതിന്‍റെ ചിത്രം മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
കുട്ടിയുടെ രക്ഷിതാക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്ന തലവാചകത്തോടൊപ്പമാണ് മിശ്ര ഈ ചിത്രം ട്വീറ്റ് ചെയ്‌തത്. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. ഇതുപോലുള്ള അനേകം പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ ആശങ്കമാറ്റാന്‍ ഇക്കുറിയെങ്കിലും ആര്‍സിബി കപ്പടിക്കണമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.