ദുബായ് :ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ 4 ല്‍ കടന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. വലതുകാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് സ്‌റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ നിന്ന് പിന്മാറി. ജഡേജയ്‌ക്ക് പകരക്കാരനായി അക്സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് താരമുള്ളത്. ഏഷ്യ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറിയ ജഡേജയ്‌ക്ക് വരാനിരിക്കുന്ന ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകളില്‍ കളിക്കാനാകുമോ എന്നതില്‍ വ്യക്തതയില്ല.
ഏഷ്യ കപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ 35 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തില്‍ ജഡേജ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മത്സരത്തില്‍ നാലാമനായിറങ്ങിയ രവീന്ദ്ര ജഡേജയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ നാലോവറില്‍ ഒരു വിക്കറ്റ് നേടിയ താരം ഫീല്‍ഡിങ് മികവിലൂടെ ഒരു റൺ ഔട്ടും സ്വന്തമാക്കി.
ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഈ മാസം 15ന് മുമ്പ് പ്രഖ്യാപിക്കേണ്ടതിനാല്‍ ജഡേജയുടെ പരിക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യന്‍ ബോളര്‍മാരായ ജസ്‌പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് പരിക്കിനെ തുടര്‍ന്ന് ഏഷ്യ കപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോകകപ്പ് ടീമിലേക്ക് ഇവരുടെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് രവീന്ദ്ര ജഡേജയ്‌ക്കും പരിക്കേല്‍ക്കുന്നത്.