ബാര്‍ബഡോസ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായ പങ്കാണ് സ്‌പിന്നര്‍മാര്‍ വഹിച്ചത്. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ഇടങ്കയ്യന്‍ സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവും (Kuldeep Yadav ) രവീന്ദ്ര ജഡേജയും (Ravindra Jadeja) ചേര്‍ന്നാണ് പൊളിച്ചടുക്കിയത്. കുല്‍ദീപിന്‍റെ കുത്തിത്തിരിയുന്ന പന്തുകളായിരുന്നു വിന്‍ഡീസ് ബാറ്റര്‍മാരെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്.
മൂന്ന് ഓവറില്‍ രണ്ട് മെയ്‌ഡനടക്കം വെറും ആറ് റണ്‍സ് വഴങ്ങിക്കൊണ്ട് നാല് വിക്കറ്റുകളായിരുന്നു കുല്‍ദീപ് വീഴ്‌ത്തിയത്. ഏകദിനത്തില്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമാണിത്. രവീന്ദ്ര ജഡേജയാവട്ടെ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ഇടങ്കയ്യന്മാരായ രണ്ട് പേരും ചേര്‍ന്ന് ആകെ ഏഴ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാരെയാണ് കൂടാരം കയറ്റിയത്.
ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. ഒരു ഏകദിന മത്സരത്തില്‍ ഏഴോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നർമാരായാണ് കുല്‍ദീപും ജഡേജയും മാറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിസിസിഐ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. 45 പന്തുകളില്‍ 43 റണ്‍സ് നേടിയ ക്യാപ്‌റ്റൻ ഷായ് ഹോപിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. വിൻഡീസ് നിരയിൽ ഹോപ്പടക്കം ആകെ നാല് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. രണ്ട് ബാറ്റർമാർ സംപൂജ്യരായാണ് തിരിച്ചുകയറിയത്.