മുംബൈ : ചെന്നൈ സൂപ്പർ കിങ്‌സും മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു. തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ രണ്ട് സീസണില്‍ ടീമുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും ജഡേജ നീക്കി. ഇതോടെ അടുത്ത സീസണില്‍ താരം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ കളിച്ചേക്കില്ലെന്നാണ് സൂചന.
കഴിഞ്ഞ സീസണിലാണ് ജഡേജയെ ക്യാപ്റ്റനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രഖ്യാപിച്ചത്. എന്നാല്‍ ടീം തുടര്‍തോല്‍വികളില്‍ വലഞ്ഞതോടെ ജഡേജയ്‌ക്ക് സ്ഥാനം നഷ്‌ടമാവുകയും ധോണി നായകനായി തിരിച്ചെത്തുകയും ചെയ്തു. സീസണില്‍ വ്യക്തിഗതമായും തിളങ്ങാനാവാത്ത ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ക്ക് 116 റണ്‍സും അഞ്ച് വിക്കറ്റും മാത്രമാണ് നേടാനായത്.
നേരത്തെ ജഡേജയും ചെന്നൈയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പരസ്പരം അൺഫോളോ ചെയ്തിരുന്നു. അതേസമയം കഴിഞ്ഞ ദിവസം 41ാം ജന്മദിനം ആഘോഷിച്ച ധോണിക്ക് ജഡേജ ആശംസ നേര്‍ന്നില്ലെന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്.