ഏഷ്യ കപ്പ് (Asia Cup 2023) ജയത്തിന് പിന്നാലെ ലോകകപ്പിന് തൊട്ടുമുന്‍പ് ഓസ്‌ട്രേലിയയെ നേരിടാന്‍ ഇന്ത്യ സ്വന്തം നാട്ടില്‍ ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന വിലയിരുത്തലിലായിരുന്നു ആരാധകര്‍ (India vs Australia ODI Series). എന്നാല്‍, ആരാധകരെയും ഞെട്ടിക്കുന്നതായിരുന്നു ടീം പ്രഖ്യാപനം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യത്തെ രണ്ട് കളികളില്‍ കെഎല്‍ രാഹുല്‍ (KL Rahul) ക്യാപ്‌റ്റനായപ്പോള്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി (Virat Kohli), ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) എന്നിവര്‍ക്ക് റെസ്റ്റ് അനുവദിച്ചത് ആരാധകരെ അമ്പരപ്പിച്ചു.
എന്നാല്‍, ടീം പ്രഖ്യാപനത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നു വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ സ്‌പിന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍റെ (Ravichandran Ashwin Comeback in ODI) മടങ്ങിവരവ്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യമായ അശ്വിന് എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ വേണ്ടത്ര അവസരം സമീപ കാലത്ത് ലഭിച്ചിരുന്നില്ല. 20 മാസത്തിന് ശേഷം വീണ്ടും ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ അശ്വിന്‍ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ഇടം പിടിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
രോഹിത് ശര്‍മ നായകനായ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സക്വാഡിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. എന്നാല്‍, സെപ്‌റ്റംബര്‍ 28 വരെ ഇതില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ടീമിലേക്കുള്ള അശ്വിന്‍റെ മടങ്ങിവരവ് ഏറെ ചര്‍ച്ചയായിരിക്കുന്നത്.
നിലവില്‍ ഏഷ്യ കപ്പിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്‍റെ പകരക്കാരനായാണ് രവിചന്ദ്രന്‍ അശ്വിനെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ അക്‌സറിന്‍റെ ടീമിലേക്കുള്ള മടങ്ങിവരവില്‍ ചില ആശങ്കകകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അശ്വിനെ ഉള്‍പ്പെടുത്തുന്നത് ടീമിന്‍റെ ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്‍റ്.
അശ്വിന്‍റെ തിരിച്ചുവരവില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും കഴിഞ്ഞ ദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു, ആവശ്യമെങ്കില്‍ അശ്വിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പടുത്തുമെന്നും രോഹിത് വ്യക്തമാക്കി.