കേരളം

kerala

ETV Bharat / sports

'ഓസ്‌ട്രേലിയക്കെതിരെ വിരാട് കോലി വിനാശം വിതയ്‌ക്കും', പ്രവചനവുമായി രവി ശാസ്‌ത്രി - ഇന്ത്യ ഓസ്‌ട്രേലിയ

വിരാട് കോലിക്ക് മികച്ച തുടക്കം കിട്ടിയാല്‍ അയാളാകും പരമ്പരയുടെ വിധി നിര്‍ണയിക്കുക എന്നും രവി ശാസ്‌ത്രി പറഞ്ഞു.

virat kohli  ravi shastri  border gavaskar trophy  border gavaskar trophy 2023  India vs australia  INDvAUS  വിരാട് കോലി  രവി ശാസ്‌ത്രി  സ്റ്റാര്‍സ്‌പോര്‍ട്‌സ്  ഇന്ത്യ ഓസ്‌ട്രേലിയ  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി
Virat Kohli

By

Published : Feb 7, 2023, 3:02 PM IST

നാഗ്‌പൂര്‍:ഇത്തവണ ഇന്ത്യയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെ വിനാശം വിതയ്‌ക്കാന്‍ വിരാട് കോലിക്ക് സാധിക്കുമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ശരാശരിയിലും മികച്ച പ്രകടനം കോലി പുറത്തെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ശാസ്‌ത്രി പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പരിപാടിയിലായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകന്‍റെ പ്രതികരണം.

'ഓസ്‌ട്രേലിയക്കെതിരായ അവന്‍റെ റെക്കോഡ് അയാള്‍ക്ക് തന്നെ ഊര്‍ജം പകരുന്നതാണ്. എല്ലാ മത്സരങ്ങളിലും നന്നായി ബാറ്റിങ് തുടങ്ങാനാകും വിരാട് ആഗ്രഹിക്കുന്നത്. അയാളുടെ ആദ്യ രണ്ട് ഇന്നിങ്സുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മികച്ച ഒരു തുടക്കം കിട്ടിക്കഴിഞ്ഞാല്‍ അയാളായിരിക്കും ഓസ്‌ട്രേലിയ നേരിടേണ്ട ഏറ്റവും വലിയ വെല്ലുവിളി. കോലിയുടെ ബാറ്റിങ്ങില്‍ പാളിച്ച സംഭവിക്കാനായിരിക്കും ഓസ്‌ട്രേലിയ കൂടുതല്‍ ആഗ്രഹിക്കുന്നത്'- രവി ശാസ്‌ത്രി പറഞ്ഞു.

ഓസ്ട്രേലിയക്കെതിരെ കോലിയുടെ ബാറ്റിങ് ശരാശരി 50ന് തൊട്ടുതാഴെയാണ്. അതിശയകരമായ ഒരു റെക്കോഡാണ്. അതാകും അയാള്‍ക്കുള്ള കരുത്തെന്നും ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.

അതിവേഗം റണ്‍സ് കണ്ടെത്താന്‍ സൂര്യകുമാര്‍ യാദവ് വേണം:ആദ്യ മത്സരത്തിനായി ഇന്ത്യ ശുഭ്‌മാന്‍ ഗില്ലിനൊപ്പം മറ്റ് 11 താരങ്ങളെയും തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്. പിച്ചിന്‍റെ സ്വഭാവം നോക്കി മാത്രം വേണം അന്തിമ ഇലവനെ പ്രഖ്യാപിക്കാന്‍. അഞ്ചാം നമ്പറില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള സൂര്യകുമാര്‍ യാദവിനെ പോലെയൊരു താരം വേണമെന്നും ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.

സൂര്യകുമാര്‍ യാദവ്

അഞ്ചാം സ്ഥാനത്ത് കളിക്കാനുള്ള താരത്തെ തെരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്താന്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്‌ത് കളിക്കേണ്ടതുണ്ട്. ആ രീതിയില്‍ കളിക്കുന്ന ഒരു താരമാണ് സൂര്യകുമാര്‍ യാദവ്.

അതിവേഗത്തില്‍ 30 അല്ലെങ്കില്‍ 40 റണ്‍സ് നേടിയാല്‍ അത് ഒരുപക്ഷെ കളിയുടെ ഗതിയെ മാറ്റിമറിക്കും. അത് ചെയ്യാന്‍ സൂര്യകുമാര്‍ യാദവിന് സാധിക്കും. പരമ്പര രണ്ട് മത്സരങ്ങളുടെ മാര്‍ജിനില്‍ ജയിക്കാനാകണം ഇന്ത്യ ശ്രമിക്കേണ്ടതെന്നും ശാസ്ത്രി പറഞ്ഞു.

റിഷഭ് പന്തിന്‍റെ അഭാവം ഇന്ത്യക്ക് തിരിച്ചടി:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷഭ് പന്തിന്‍റെ അഭാവം ഇന്ത്യയെ ശരിക്കും വേദനിപ്പിക്കും. ഇന്ത്യന്‍ നിരയില്‍ പന്ത് വളരെ പ്രധാനപ്പെട്ട ഒരു താരമായിരുന്നു. വിക്കറ്റ് കീപ്പറായി അവന്‍ എതിരാളികള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്താറുണ്ടായിരുന്നു.

റിഷഭ് പന്ത്

ബാറ്റര്‍ എന്ന നിലയിലും അവന്‍ അപകടകാരിയായിരുന്നു. അടുത്തിടെ ഇന്ത്യ ജയം നേടിയ ടെസ്റ്റ് മത്സരങ്ങളിലെല്ലാം പന്ത് നല്‍കിയ സംഭാവന മറ്റ് പ്രധാന ബാറ്റര്‍മാരെക്കാളും വലുതാണെന്നും ശാസ്‌ത്രി വ്യക്തമാക്കി. പന്തിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍, കെഎസ് ഭരത് എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

പരമ്പരയ്‌ക്കിറങ്ങുമ്പോള്‍ പിച്ച് സ്‌പിന്നിനെ തുണയ്‌ക്കുകയാണെങ്കില്‍ മികച്ച വിക്കറ്റ് കീപ്പറെ വേണം അന്തിമ ഇലവനില്‍ കളിപ്പിക്കേണ്ടത്. ജഡേജ, കുൽദീപ്, അശ്വിൻ എന്നിവർക്ക് സ്റ്റമ്പിന് പിന്നിൽ മികച്ച ഒരു വിക്കറ്റ് കീപ്പറെയാണ് ആവശ്യം എന്നും ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്‌ച നാഗ്‌പൂരിലാണ് ആരംഭിക്കുന്നത്. പരമ്പരയില്‍ ആകെ നാല് മത്സരങ്ങളാണുള്ളത്. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റിന് ശേഷം ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ് (ആദ്യ രണ്ട് മത്സരം) : രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ് : പാറ്റ് കമ്മിന്‍സ് (നായകന്‍), ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യു റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത് (വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോലാന്‍ഡ്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്.

ABOUT THE AUTHOR

...view details