കേരളം

kerala

ETV Bharat / sports

ഷഹീന്‍ അഫ്രീദിയുടെ അനുഭവം ബുംറയ്‌ക്കുമുണ്ടാവാം ; തിടുക്കം വേണ്ടെന്ന് രവി ശാസ്‌ത്രി - asia cup

ഇന്ത്യന്‍ ടീമിലേക്ക് പേസര്‍ ജസ്‌പ്രീത് ബുംറയെ തിരികെ എത്തിക്കാന്‍ തിടുക്കം കാണിക്കുന്നത് പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീത ഫലമുണ്ടാക്കിയേക്കാമെന്ന മുന്നറിയിപ്പുമായി രവി ശാസ്‌ത്രി

Ravi Shastri  Ravi Shastri on Jasprit Bumrah  Jasprit Bumrah health updates  odi world cup  Jasprit Bumrah  ഷഹീന്‍ അഫ്രീദി  രവി ശാസ്‌ത്രി  ജസ്‌പ്രീത് ബുംറ  ഏഷ്യ കപ്പ്  asia cup  ഏകദിന ലോകകപ്പ്
ഷഹീന്‍ അഫ്രീദിയുടെ അനുഭവം ബുംറയ്‌ക്കുമുണ്ടാവാം

By

Published : Jun 25, 2023, 3:43 PM IST

മുംബൈ : ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ അയർലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ അയർലന്‍ഡിനെതിരെ കളിക്കുന്നത്. ഇതിന് ശേഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി നടക്കുന്ന ഏഷ്യ കപ്പില്‍ കളിപ്പിച്ച് തുടര്‍ന്ന് ഇന്ത്യയില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പിനായി താരത്തെ സജ്ജമാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുള്ളത്.

നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തന്‍റെ ശാരീരിക ക്ഷമത പൂര്‍ണമായി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് 29-കാരനായ ബുംറയുള്ളത്. എന്നാല്‍ താരത്തെ തിടുക്കത്തിൽ തിരിച്ചെത്തിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. ഏകദിന ലോകകപ്പിനായി ബുംറയെ തിടുക്കത്തില്‍ മടക്കിക്കൊണ്ടുവരുന്നത് ഫിറ്റ്‌നസ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനുള്ള സാധ്യതയാണ് രവി ശാസ്‌ത്രി ചൂണ്ടിക്കാട്ടുന്നത്.

"ഇന്ത്യയ്‌ക്ക് ഏറെ പ്രധാനപ്പെട്ട ഒരു താരമാണ് ജസ്‌പ്രീത് ബുംറ. ലോകകപ്പിനായി അവന്‍റെ മടങ്ങിവരവിന് തിരക്ക് പിടിച്ചാല്‍ ഒരു പക്ഷേ അത് വിപരീത ഫലം ഉണ്ടാക്കിയേക്കാം. ഷഹീൻ ഷാ അഫ്രീദിയെപ്പോലെ അവന് നാല് മാസങ്ങള്‍ കൂടി പുറത്തിരിക്കേണ്ടി വന്നേക്കാം. അതിനാൽ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതായുണ്ട്" - രവി ശാസ്‌ത്രി പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് ഇന്ത്യയുടെ മുന്‍ പരിശീലകന്‍റെ വാക്കുകള്‍. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ് ജസ്‌പ്രീത് ബുംറ ഇന്ത്യയ്‌ക്കായി അവസാനം കളിച്ചത്. നേരത്തെ, ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷം നടുവേദന അനുഭവപ്പെട്ട ബുംറയ്‌ക്ക് പരമ്പര നഷ്‌ടമായിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്‌ധ പരിശോധനയില്‍ 2019-ൽ ഉണ്ടായ പരിക്കിന്‍റെ തുടര്‍ച്ചയാണിതെന്ന് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് രണ്ടര മാസത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്‌റ്റംബറില്‍ ഓസീസിനെതിരായ പരമ്പരയിലൂടെ താരം മടങ്ങിയെത്തിയെങ്കിലും പരിക്ക് വഷളായതോടെ ടീമില്‍ നിന്നും പുറത്തായി. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ബുംറയെ വേഗത്തില്‍ തിരികെ എത്തിച്ചത്. എന്നാല്‍ വര്‍ഷാവസാനത്തില്‍ നടന്ന ഏഷ്യ കപ്പും ടി20 ലോകകപ്പും താരത്തിന് നഷ്‌ടമായി.

2023 ജനുവരി ആദ്യത്തില്‍ ശ്രീലങ്കയ്‌ക്ക് എതിരെ നടന്ന ഏകദിന പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ബുംറയെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിനിടെ വീണ്ടും നടുവേദന അനുഭവപ്പെട്ടുവെന്ന് താരം പരാതിപ്പെട്ടതോടെ ടീമില്‍ നിന്നും പിൻവലിച്ചു. തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ ശസ്‌ത്രക്രിയ നടത്തിയതിന് ശേഷമാണ് ബുംറ തിരിച്ചുവരവിന് ഒരുങ്ങുന്നത്.

ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന ഏഷ്യ കപ്പിന് പാകിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. പാക് മണ്ണിലേക്കില്ലെന്ന് ബിസിസിഐ അറിയിച്ചതോടെ ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ഇത്തവണ ഏഷ്യ കപ്പ് നടക്കുന്നത്. തുടര്‍ന്ന് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയരാവുന്നത്.

ABOUT THE AUTHOR

...view details