കൊല്‍ക്കത്ത: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിന്‍റെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി. മോശം തുടക്കത്തിന് ശേഷം രാജസ്ഥാന് മികച്ച അടിത്തറ നല്‍കിയായിരുന്ന സഞ്ജു മടങ്ങിയത്.
സഞ്‌ജുവിന്‍റേത് മികച്ച ഇന്നിങ്‌സായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശാസ്‌ത്രി താരത്തിന്‍റെ പോരായ്‌മയും ചൂണ്ടിക്കാട്ടി. 'ഇതൊരു ഓള്‍ റൗണ്ട് ഗെയിമായിരുന്നു. ഷോര്‍ട്ട് പിച്ച് പന്തുകളില്‍ പുള്‍ ഷോട്ടുകള്‍ കളിക്കാനും സ്റ്റാന്‍റ്‌സില്‍ പന്തെത്തിക്കാനും അവന്‍ തയ്യാറാണ്. കാത്തുനിന്നാണ് സ്‌പിന്നര്‍മാര്‍ക്കെതിരെ കളിച്ചത്.
ക്രീസ് വിട്ടിറങ്ങി ആക്രമിക്കുമെന്ന് തോന്നിച്ചെങ്കിലും അവന്‍ കാത്തിരുന്നു കളിക്കാന്‍ തയ്യാറായി. സ്ക്വയർ ഓഫ് ദി വിക്കറ്റിലേക്ക് ഉള്‍പ്പെടെ മനോഹരമായ ചില ഷോട്ടുകള്‍ അവന്‍ കളിക്കുന്നതും കാണാനായി. മികച്ച ഒരുന്നിങ്സായിരുന്നു അത്. അത് നീണ്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. എന്നാല്‍ സഞ്‌ജുവിന്‍റെ കാര്യം എപ്പോഴും ഇങ്ങനെയാണ്.' രവി ശാസ്‌ത്രി പറഞ്ഞു.