ഓവല്‍:ഇന്ത്യന്‍ ടീമിന് അത്ര ശുഭകരമായിരുന്നില്ല കെന്നിങ്‌ടണ്‍ ഓവലില്‍ പുരോഗമിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒന്നാം ദിനം. ടോസ് നേടി ആദ്യം ബൗളിങ്ങ് തെരഞ്ഞെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ പ്രതീക്ഷ കാക്കുന്ന പ്രകടനം നടത്താന്‍ മത്സരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചത്. ലഞ്ചിന് മുന്‍പ് ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റും അതിന് ശേഷമുള്ള ഇടവേളയ്‌ക്ക് ശേഷം ഒരു വിക്കറ്റും മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.
പിന്നീട് സ്റ്റീവ് സ്‌മിത്തും (95 നോട്ട് ഔട്ട്) ട്രാവിസ് ഹെഡും (146 നോട്ട് ഔട്ട്) നിലയുറപ്പിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാരും കളി മറന്നു. ഒന്നാം ദിനത്തില്‍ തന്നെ കളി കൈവിട്ട അവസ്ഥയിലായിരുന്നു പിന്നീട് മൈതാനത്ത് ഇന്ത്യന്‍ താരങ്ങളെ കാണാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ 76-3 എന്ന നിലയിലേക്ക് വീണ ഓസ്‌ട്രേലിയ പിന്നീട് വിക്കറ്റൊന്നും നഷ്‌ടപ്പെടാതെ 251 റണ്‍സ് കൂടിച്ചേര്‍ത്ത് 3-327 എന്ന നിലയിലാണ് ഒന്നാം ദിനം കളിയവസാനിപ്പിച്ചത്.
ആദ്യ ദിനത്തില്‍ കളിയവസാനിപ്പിച്ചതിന് പിന്നാലെ ഫൈനല്‍ മത്സരത്തില്‍ ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തില്‍ അതൃപ്‌തി വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി രംഗത്തെത്തിയിരുന്നു. ആദ്യം ഫീല്‍ഡിങ് തെരഞ്ഞെടുത്തതിലൂടെ തന്നെ ഇന്ത്യയ്‌ക്ക് കളിയിലെ ആധിപത്യം നഷ്‌ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മത്സരശേഷം ഐസിസിയോട് സംസാരിക്കവെയാണ് രവി ശാസ്‌ത്രിയുടെ പ്രതികരണം.
'പോസിറ്റീവ് മാനസികാവസ്ഥയായിരുന്നെങ്കില്‍, എന്ത് വന്നാലും നിങ്ങള്‍ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു തീരുമാനിക്കേണ്ടത്. മത്സരത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ കണ്‍ട്രോള്‍ നേടി 250-260 അതുപോലൊരു സ്‌കോര്‍ അടിച്ചെടുക്കാന്‍ ശ്രമിക്കണമായിരുന്നു.