മുംബൈ:ഐസിസി കിരീടങ്ങളില്ലാതെ 10 വര്‍ഷങ്ങളിലേക്ക് അടുക്കുകയാണ് ഇന്ത്യ. 2013ല്‍ എംഎസ് ധോണിയുടെ കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് ശേഷം മറ്റൊരു ഐസിസി ടൂര്‍ണമെന്‍റില്‍ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ഈ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് അവസരമുണ്ട്.
കാരണം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലും ഏകദിന ലോകകപ്പും ഈ വര്‍ഷമാണ് നടക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്‌തത്. ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.
ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തിനിടെ ഓവലില്‍ ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ സ്വന്തം മണ്ണിലാണ് ഏകദിന ലോകകപ്പ്. ഇപ്പോഴിതാ ഈ ചാമ്പ്യന്‍ഷിപ്പുകളിലൂടെ ഇന്ത്യയ്‌ക്ക് വീണ്ടുമൊരു ഐസിസി കിരീടം നേടാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവച്ചിരിക്കുകയാണ് മുന്‍ താരവും പരിശീലകനുമായ രവി ശാസ്‌ത്രി.
നിര്‍ഭാഗ്യമില്ലാതായാല്‍ ഇന്ത്യയ്‌ക്ക് ഏറെ ഐസിസി കിരീടങ്ങള്‍ നേടാന്‍ കഴിയുമെന്ന് രവി ശാസ്‌ത്രി പറഞ്ഞു. അതിനായി ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും 60കാരനായ രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. "ഇന്ത്യ ഐസിസി കിരീടത്തിന് അരികെയാണെന്ന് തന്നെയാണ് ഞാന്‍കരുതുന്നത്.
തികഞ്ഞ സ്ഥിരതയോടെ കളിക്കുന്ന ഇന്ത്യ സ്ഥിരമായി ഫൈനലിലും സെമി-ഫൈനലിലും എത്തിച്ചേരാറുണ്ട്. സച്ചിൻ ടെണ്ടുൽക്കറെ നോക്കൂ... ഒരു ഐസിസി കിരീടം നേടാന്‍ അദ്ദേഹത്തിന് ആറ് ലോകകപ്പുകൾ കളിക്കേണ്ടിവന്നു. ആറ് ലോകകപ്പുകൾ എന്നാല്‍ 24 വർഷങ്ങള്‍.
തന്‍റെ അവസാന ലോകകപ്പിലാണ് സച്ചിന് അതിന് കഴിഞ്ഞത്. ലയണൽ മെസിയെ നോക്കൂ. മറ്റൊരു ക്ലാസിക് ഉദാഹരണമാണ് അദ്ദേഹം. അദ്ദേഹം എത്ര കാലമായി കളിക്കുന്നു എന്നാണ് ഇതുവഴി ഞാന്‍ അര്‍ഥമാക്കുന്നത്. ജയിക്കാൻ തുടങ്ങിയപ്പോൾ കോപ്പ അമേരിക്കയും ലോകകപ്പും നേടി, ഫൈനലിലും സ്കോർ ചെയ്തു. അതിനാൽ നിങ്ങൾ കാത്തിരിക്കണം. ഇന്ത്യയ്‌ക്ക് ഏറെ ഐസിസി കിരീടങ്ങള്‍ നേടാന്‍ കഴിയും". രവി ശാസ്‌ത്രി പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും തുടര്‍ന്ന് നടന്ന ഏകദിന പരമ്പര ഇന്ത്യ കൈവിട്ടിരുന്നു. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാവട്ടെ 2-1നാണ് ഓസീസ് ജയിച്ചത്.
ലോകകപ്പ് അടുത്തിരിക്കെ ഐപിഎല്ലിന്‍റെ ആരവങ്ങളിൽ ഓസീസിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വി മറക്കരുതെന്ന് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ നേരത്തെ പ്രതികരിച്ചിരുന്നു. പലപ്പോഴും തോല്‍വിയെ മറക്കുന്ന തെറ്റ് ഇന്ത്യ ആവര്‍ത്തിക്കാറുണ്ട്. അതുപാടില്ലെന്നും ഏകദിന ലോകകപ്പില്‍ ഇതേ ഓസ്‌ട്രേലിയയെ ഇന്ത്യ നേരിടേണ്ടതായി വരുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ലോകകപ്പിനും ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് താരങ്ങളുടെ പരിക്ക് തിരിച്ചടിയാണ്. നടുവേദനയെത്തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ജസ്‌പ്രീത് ബുംറയ്‌ക്ക് ലോക ടെസ്റ്റില്‍ കളിക്കാനാവില്ല. ഏകദിന ലോകകപ്പിന് മുന്നെ താരത്തിന് തിരികെയെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്ക് വലയ്‌ക്കുന്ന മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ശസ്‌ത്രിക്രിയയ്‌ക്ക് വിധേയനാവുമെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ALSO READ:'സൂര്യകുമാര്‍ യാദവ്, ചില താരങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണം'