മുംബൈ: ടി20 ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനും സീനിയർ താരങ്ങൾക്കും വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ദേശിയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്‌മണിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം ന്യൂസിലൻഡിലേക്ക് തിരിച്ചത്. ഇപ്പോൾ ദ്രാവിഡിന് വിശ്രമം അനുവദിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്‌ത്രി.
'വിശ്രമം എടുക്കുന്നതിൽ എനിക്ക് വിശ്വാസമില്ല. കാരണം എനിക്ക് എന്‍റെ ടീമിനെയും താരങ്ങളേയും കൂടുതൽ മനസിലാക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ടീമിനെ നിയന്ത്രണത്തിലെത്തിക്കാൻ സാധിക്കുകയുള്ളു. സത്യത്തിൽ ഇത്രയും ഇടവേള എടുക്കുന്നതിന്‍റെ ആവശ്യകത എന്താണ്. ഓരോ തവണയും ഐപിഎൽ സമയത്ത് 2-3 മാസം വിശ്രമം ലഭിക്കും. ഒരു പരിശീലകന് ഈ ഇടവേള മതിയാകും. മറ്റ് സമയങ്ങളിൽ കോച്ച് ടീമിനൊപ്പം തന്നെ ഉണ്ടാകണം'. രവി ശാസ്‌ത്രി പറഞ്ഞു.