ദുബായ് : തുടര്‍ തോല്‍വികളിലൂടെ ഏഷ്യ കപ്പില്‍ നിന്നും പുറത്തായ ഇന്ത്യന്‍ ടീമിനെതിരെ വ്യാപക വിമര്‍ശനം. ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യ പുറത്തായതിന് പിന്നാലെ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി രംഗത്തെത്തി. മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെയാണ് രവി ശാസ്‌ത്രി വിമര്‍ശിച്ചത്.
നിലവിലെ സാഹചര്യത്തില്‍ ഏഷ്യ കപ്പിലേക്കുള്ള ഇന്ത്യന്‍ ടീമലേക്ക് പരിഗണന ലഭിക്കേണ്ട താരമായിരുന്നു മുഹമ്മദ് ഷമി. കഴിഞ്ഞ ലേകകപ്പില്‍ തന്നെ യുഎഇയിലെ സാഹചര്യങ്ങള്‍ സ്‌പിന്നര്‍മാര്‍ക്ക് എങ്ങനെ പ്രതികൂലമാകുന്നുവെന്ന് നമ്മള്‍ കണ്ടതാണ്. ഏഷ്യ കപ്പിലേക്ക് ഷമിയെ പരിഗണിച്ചിരുന്നെങ്കില്‍ അതൊരു മികച്ച തീരുമാനമാകുമായിരുന്നു.
2021 ലോകകപ്പിന് ശേഷം അദ്ദേഹത്തിന് ഒരു രാജ്യാന്തര ടി20 മത്സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല എന്നത് അത്ഭുപ്പെടുത്തുന്ന കാര്യമാണ്. ഐ പി എല്ലിലെ മികച്ച പ്രകടനം പരിഗണിച്ചെങ്കിലും ഷമി ഈ ടീമില്‍ ഇടം നേടാന്‍ അര്‍ഹന്‍ ആയിരുന്നു - രവി ശാസ്‌ത്രി പറഞ്ഞു. അതേസമയം, മീഡിയം പേസര്‍മാരുമായി ലോകകപ്പിനെത്തിയാല്‍ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാക് ഇതിഹാസം വസീം അക്രം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ടി20 ലോകകപ്പിലാണ് രവി ശാസ്‌ത്രി അവസാനമായി ഇന്ത്യയ്‌ക്കായി ഈ ഫോര്‍മാറ്റില്‍ കളിച്ചത്. ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലും ഷമിക്ക് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ഏറെക്കുെറെ ഉറപ്പായതാണെന്നും ഒന്നോ രണ്ടോ താരങ്ങളുടെയും സ്ഥാനങ്ങളുടെയും കാര്യത്തില്‍ മാത്രമാണ് അന്തിമ തീരുമാനം സ്വീകരിക്കാനുള്ളതെന്നുമാണ് ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നത്. ലോകകപ്പിന് മുന്‍പുള്ള പരമ്പരകളില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാകുമെന്നാണ് രോഹിത് ശര്‍മയുടെ നിലപാട്.