കറാച്ചി:ഇന്ത്യയുടെ ഐസിസി ട്രോഫി വരൾച്ച ക്രിക്കറ്റ് ലോകത്തെ വലിയ നിഗൂഢതകളിലൊന്നാണ്. നിരവധി ലോകോത്തര താരങ്ങളുണ്ടായിട്ടും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. അന്ന് എംഎസ് ധോണിയുടെ നേതൃത്തിലായിരുന്നു ഇന്ത്യ കിരീടം ചൂടിയത്.
പിന്നീട് വിരാട് കോലിയ്‌ക്കും രോഹിത് ശര്‍മയ്‌ക്കും കീഴില്‍ വ്യത്യസ്‌ത ടൂര്‍ണമെന്‍റുകളില്‍ ഫൈനലിലടക്കം കളിച്ചുവെങ്കിലും കിരീട വരള്‍ച്ച അവസാനിച്ചില്ല. ഇതിന് കാരണം കളിക്കാരെ ശരിയായ വിനിയോഗിക്കാത്തതും ടീമിന്‍റെ ആഭ്യന്തര പ്രശ്‌നങ്ങളുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന്‍റെ മുന്‍ നായകന്‍ റാഷിദ് ലത്തീഫ് (Rashid Latif).
'ഇന്ത്യയുടെ നായകനായിരുന്നപ്പോള്‍ വിരാട് കോലിയ്‌ക്ക് (Virat Kohli) ഒരു ലക്ഷ്യബോധമുണ്ടായിരുന്നു. മത്സരങ്ങളും ടൂര്‍ണമെന്‍റുകളും വിജയിക്കാനും ആഗ്രഹിച്ചിരുന്നു. പക്ഷേ, അവനെ പുറത്താക്കുകയാണ് ചെയ്‌തത്. ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം ടീമിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഐസിസി ടൂർണമെന്‍റുകളിൽ ക്യാപ്റ്റന് ആഗ്രഹിച്ച കളിക്കാരെ ലഭിച്ചില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇനി ലഭിച്ചാല്‍ തന്നെ അവരെ ഫലപ്രദമായി ഉപയോഗിക്കാനും കഴിഞ്ഞിട്ടില്ല' - റാഷിദ് ലത്തീഫ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.
ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് വെറ്ററന്‍ താരം ശിഖര്‍ ധവാനെ തിരികെ കൊണ്ടുവരാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീം ഇപ്പോഴും വളരെ മികച്ചതാണ്. ബാറ്റിങ് ഓര്‍ഡറില്‍ നാലാം നമ്പറിലാണ് അവര്‍ക്ക് പ്രശ്‌നമുള്ളത്. ഉടന്‍ തന്നെ അതു പരിഹരിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ആദ്യ മൂന്ന് ബാറ്റര്‍മാര്‍ വേഗത്തിൽ പുറത്താക്കപ്പെടുമ്പോഴാണ് അവരുടെ പ്രശ്‌നം ആരംഭിക്കുന്നത്. അവര്‍ക്ക് 25 മുതല്‍ 30 വരെ ഓവര്‍ കളിക്കാന്‍ കഴിഞ്ഞാല്‍ എളുപ്പത്തില്‍ തന്നെ ടീം വിജയിക്കുകയും ചെയ്യും.