ദുബായ്: ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടി20 ലീഗായ ബിഗ്‌ബാഷില്‍ കളിക്കുന്ന കാര്യം പുനരാലോചിക്കുമെന്ന് അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ നിന്നും ഓസ്ട്രേലിയന്‍ പുരുഷ ടീം പിന്മാറിയ സാഹചര്യത്തിലാണ് റാഷിദ് ഖാന്‍റെ പ്രതികരണം. അഫ്‌ഗാന്‍ ക്യാപ്റ്റനായ റാഷിദ് ഖാന്‍ ബിഗ് ബാഷിൽ അഡ്‍ലെയ്‌ഡ് സ്ട്രൈക്കേഴ്‌സിന്‍റെ താരമാണ്.
ഓസ്‌ട്രേലിയയുടെ തീരുമാനം നിരാശപ്പെടുത്തുന്നതും ക്രിക്കറ്റ് രംഗത്ത് അഫ്‌ഗാനെ പിന്നോട്ടടിപ്പിക്കുന്നതാണെന്നും റാഷിദ് ട്വിറ്ററില്‍ കുറിച്ചു. "ഞങ്ങൾക്കെതിരെ മാർച്ചിൽ കളിക്കാനിരുന്ന പരമ്പരയിൽ നിന്നും ഓസ്ട്രേലിയ പിൻവാങ്ങിയത് നിരാശപ്പെടുത്തുന്നതാണ്. രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്.
ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്‍ സമീപകാലത്തായി പുരോഗതിയുടെ പാതിയിലാണ്. എന്നാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ തീരുമാനം ഞങ്ങളെ പിന്നോട്ടടിപ്പിക്കുന്നതാണ്. അഫ്ഗാനെതിരെ കളിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ ഞാന്‍ ബിഗ് ബാഷില്‍ കളിക്കുന്ന കാര്യം വീണ്ടും ആലോചിക്കേണ്ടി വരും. ബിഗ് ബാഷില്‍ എന്‍റെ സാന്നിധ്യം കൊണ്ട് ആരേയും പ്രയാസപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' റാഷിദ് ഖാന്‍ വ്യക്തമാക്കി.