കേരളം

kerala

ETV Bharat / sports

ഇത് മൂന്നാം ഊഴം ; റാഷിദ് ഖാൻ വീണ്ടും അഫ്‌ഗാനിസ്ഥാൻ ടി20 ടീം നായകൻ - അഫ്‌ഗാൻ ടി20 ടീമിന്‍റെ നായകനായി റാഷിദ് ഖാൻ

2021 ലെ ടി20 ലോകകപ്പിനുള്ള ടീമിന്‍റെ നായക സ്ഥാനത്തേക്ക് റാഷിദ് ഖാനെ തെരഞ്ഞെടുത്തുവെങ്കിലും ടീമിൽ അതൃപ്‌തി പ്രകടിപ്പിച്ച് സ്ഥാനത്തുനിന്ന് വിട്ടുനിൽക്കാൻ താരം തീരുമാനിക്കുകയായിരുന്നു

റാഷിദ് ഖാൻ  Rashid Khan  മുഹമ്മദ് നബി  Muhammad Nabi  അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡ്  അഫ്‌ഗാൻ ടി20 ടീമിന്‍റെ നായകനായി റാഷിദ് ഖാൻ  Rashid Khan named Afghanistan T20I team
റാഷിദ് ഖാൻ വീണ്ടും അഫ്‌ഗാനിസ്ഥാൻ ടി20 ടീം നായകൻ

By

Published : Dec 29, 2022, 9:57 PM IST

ദുബായ്‌ : അഫ്‌ഗാനിസ്ഥാന്‍റെ ടി20 ടീം നായകസ്ഥാനത്തേക്ക് സ്‌പിന്നർ റാഷിദ് ഖാനെ വീണ്ടും തെരഞ്ഞെടുത്തു. ടി20 ലോകകപ്പിന് പിന്നാലെ നായക സ്ഥാനമൊഴിഞ്ഞ മുഹമ്മദ് നബിക്ക് പകരക്കാരനായാണ് റാഷിദ് ഖാനെ നായകനായി വീണ്ടും തെരഞ്ഞെടുത്തത്. അടുത്ത വർഷം യുഎഇക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലൂടെ റാഷിദ് നായക സ്ഥാനം ഏറ്റെടുക്കുമെന്ന് അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

അതേസമയം നായകസ്ഥാനം വലിയ ഉത്തരവാദിത്തങ്ങളാണ് നൽകുന്നതെന്ന് റാഷിദ് വ്യക്‌തമാക്കി. 'ക്യാപ്റ്റൻ എന്നത് വലിയ ഉത്തരവാദിത്തമാണ്. മുമ്പ് എന്‍റെ രാജ്യത്തെ നയിച്ച അനുഭവം എനിക്കുണ്ട്. എനിക്ക് നല്ല ധാരണയും അടുപ്പവുമുള്ള ഒരു കൂട്ടം താരങ്ങളാണ് ടീമിലുള്ളത്. ഞങ്ങൾ ഒരുമിച്ച് നിൽക്കാൻ ശ്രമിക്കും. കഠിനമായി പരിശ്രമിക്കും. ശരിയായ ദിശയിൽ നീങ്ങി രാജ്യത്തിന് അഭിമാനവും സന്തോഷവും നൽകാൻ ശ്രമിക്കും'- റാഷിദ് ഖാൻ പറഞ്ഞു.

2019 ലാണ് റാഷിദ് ഖാനെ ആദ്യമായി അഫ്‌ഗാൻ ടി20 നായക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. പിന്നാലെ 2019ലെ ഏകദിന ലോകകപ്പോടെ എല്ലാ ഫോർമാറ്റുകളിലെയും നായകനായി റാഷിദ് ഖാനെ തെരഞ്ഞെടുത്തു. എന്നാൽ അതേ വർഷം ഡിസംബറിൽ തന്നെ റാഷിദിനെ മാറ്റി അസ്‌ഗർ അഫ്‌ഗാനെ വീണ്ടും നായക സ്ഥാനത്തേക്ക് അഫ്‌ഗാൻ ക്രിക്കറ്റ് ബോർഡ് കൊണ്ടുവരികയായിരുന്നു.

തുടർന്ന് 2021ൽ റാഷിദിനെ ടി20 ടീമിന്‍റെ നായകനായി വീണ്ടും നിയമിച്ചു. എന്നാൽ അക്കൊല്ലത്തെ ടി20 ലോകകപ്പിനായി തെരഞ്ഞെടുത്ത ടീമിൽ അതൃപ്‌തി പ്രകടിപ്പിച്ച റാഷിദ് നായക സ്ഥാനത്തുനിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് മുഹമ്മദ് നബിയെ ടി20 ടീമിന്‍റെ നായകനായി നിയമിച്ചത്. ഏകദിനത്തിലും ടി20യിലും ഏഴ്‌ വീതം മത്സരങ്ങളിൽ റാഷിദ് അഫ്‌ഗാനെ നയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details