കേരളം

kerala

ETV Bharat / sports

കാത്തിരുന്ന് പിറന്ന മകൾ മരിച്ചു; സെഞ്ചുറിയുമായി സ്‌മരണാഞ്ജലിയൊരുക്കി അച്ഛന്‍

ചണ്ഡിഗഡിനെതിരായ മത്സരത്തിനായി ഭുവനേശ്വറിലെത്തിയപ്പോഴാണ് മകളുടെ വിയോഗവാര്‍ത്ത ബറോഡ താരം വിഷ്ണു സോളങ്കി അറിയുന്നത്.

Ranji Trophy  Vishnu Solanki Baroda batter  ബറോഡ ബാറ്റര്‍ വിഷ്‌ണു സോളങ്കി  വിഷ്‌ണു സോളങ്കി
പിറന്നതിന് പിന്നാലെ മകൾ മരിച്ചു; സെഞ്ചുറികുറിച്ച് സ്മരണാഞ്ജലിയൊരുക്കി അച്ഛന്‍

By

Published : Feb 26, 2022, 5:03 PM IST

പിറന്ന്‌ വീണതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയ മകളുടെ മരണത്തിനും തളർത്താനാവാതെ ബറോഡ ബാറ്റര്‍ വിഷ്‌ണു സോളങ്കി. മകളുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയ താരം സെഞ്ചുറി പ്രകടനം നടത്തിയാണ് ദുഃഖങ്ങളോട് പൊരുതിയത്. രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഡിനെതിരായ മത്സരത്തിലാണ് വിഷ്ണുവിന്‍റെ പ്രകടനം. ഭുവനേശ്വറിലെ വികാഷ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 165 പന്തുകളില്‍ 104 റൺസാണ് വിഷ്‌ണു സോളങ്കി കണ്ടെത്തിയത്. 12 ഫോറുകളോടെ അകമ്പടിയോടെയാണ് പ്രിയപ്പെട്ട മകള്‍ക്ക്, താരം ഹൃദയം കൊണ്ട് സ്‌മരണാഞ്ജലിയൊരുക്കിയത്.

ചണ്ഡിഗഡിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 168 റൺസ് പിന്തുടര്‍ന്ന ബറോഡയ്ക്കായി അഞ്ചാം നമ്പറിലാണ് വിഷ്‌ണു കളത്തിലെത്തിയത്. താരത്തിന്‍റെ സെഞ്ചുറിക്കരുത്തില്‍ നിര്‍ണായകമായ ലീഡ് സ്വന്തമാക്കാനും ബറോഡയ്‌ക്കായി. ചണ്ഡിഗഡിനെതിരായ മത്സരത്തിനായി ഭുവനേശ്വറിലെത്തിയപ്പോഴാണ് മകളുടെ വിയോഗവാര്‍ത്ത വിഷ്‌ണു അറിയുന്നത്. ഇതോടെ സ്വന്തം നാടായ വഡോദരയിലേക്ക് തിരിച്ചുപോയ താരം സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. തുടര്‍ന്ന് വെറും മൂന്ന് ദിവസത്തിനു ശേഷം ഭുവനേശ്വറിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

വിഷ്‌ണു സോളങ്കിയുടെ മനക്കരുത്തിനെക്കുറിച്ച് സൗരാഷ്ട്ര വിക്കറ്റ് കീപ്പര്‍ ഷെൽഡൺ ജാക്‌സണും ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ശിശിർ ഹട്ടൻഗാഡിയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ‘എന്തൊരു താരമാണയാള്‍ ! എനിക്കറിയാവുന്നതിൽ ഏറ്റവും കാഠിന്യമുള്ള കളിക്കാരൻ. വിഷ്ണുവിനും കുടുംബത്തിനും വലിയൊരു സല്യൂട്ട്. ഒരു തരത്തിലും ഇതത്ര നിസാരമല്ലെന്നറിയാം. കൂടുതൽ സെഞ്ചുറികളും വിജയങ്ങളും നേടട്ടെ എന്ന് ആശംസിക്കുന്നു’ – ജാക്‌സൺ കുറിച്ചു.

‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പിറന്ന മകളെ നഷ്ടപ്പെട്ടൊരു ക്രിക്കറ്റ് താരത്തിന്‍റെ കഥയാണിത്. മകളുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തി ടീമിനായി സെഞ്ചുറി നേടുന്നു. അദ്ദേഹത്തിന്‍റെ പേര് സമൂഹ മാധ്യമങ്ങളിൽനിന്ന് ‘ലൈക്കു’കൾ നേടില്ലായിരിക്കും. പക്ഷേ, എന്നെ സംബന്ധിച്ച് വിഷ്‌ണു സോളങ്കി യഥാർഥ ജീവിതത്തിലെ ഒരു ഹീറോയാണ്. വലിയൊരു പ്രചോദനവും’ ബറോഡ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ശിശിർ ഹട്ടൻഗാഡി ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details