ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് രണ്ട് ഘട്ടമായി നടത്താൻ തീരുമാനിച്ച് ബിസിസിഐ. ഐപിഎല്ലിന് മുൻപും ശേഷവുമായി മത്സരം നടത്താനാണ് ബിസിഐ തീരുമാനമെടുത്തിരിക്കുന്നത്. ഒൻപത് വേദികളിലായി 38 ടീമുകളാണ് ഇക്കുറി രഞ്ജി ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്.
ലീഗ് ഘട്ട മത്സരങ്ങൾ ഫെബ്രുവരി 10നും മാർച്ച് 15 നും ഇടയിലായി നടത്താനാണ് തീരുമാനം. പിന്നാലെ ഐപിഎൽ ആരംഭിക്കുന്നതോടെ മത്സരങ്ങൾ നിർത്തിവയ്‌ക്കും. തുടർന്ന് ഐപിഎൽ അവസാനിക്കുന്നതോടെ മെയ് 30മുതൽ ജൂണ്‍ 26 വരെ നോക്കൗട്ട് മത്സരങ്ങൾ നടത്തും.
ALSO READ:ഫെഡറർ കളത്തിലേക്ക് തിരിച്ചെത്തുന്നു ; നദാലിനൊപ്പം ലേവർ കപ്പിൽ കളിക്കും
എലൈറ്റ് ഗ്രൂപ്പ് എയിലാണ് കേരളത്തിന്‍റെ സ്ഥാനം. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്‍റെ എതിരാളികൾ. രാജ്‌കോട്ടിലാണ് ഗ്രൂപ്പ് എയുടെ മത്സരങ്ങൾ നടക്കുക. കൂടാതെ ആന്ധ്ര, രാജസ്ഥാൻ, സർവീസസ് ഉത്തരാഖണ്ഡ് എന്നീ ടീമുകൾ ഉൾപ്പെട്ട എലൈറ്റ് ഗ്രൂപ്പ് ഇയുടെ മത്സരം തിരുവനന്തപുരത്ത് വച്ചാണ് നടക്കുക.
രാജ്യത്ത് കൊവിഡ് വ്യാപനം പിടിമുറുക്കിയതിനാൽ രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് രഞ്ജി ട്രോഫി മത്സരങ്ങൾ നടത്തുന്നത്. നേരത്തെ ജനുവരി 13 ന് മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് മൂന്നാം തരംഗത്തെത്തുടർന്ന് നീട്ടിവെയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു.