ബെംഗളൂരു: രഞ്‌ജി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെതിരെ മുംബൈ ഒന്നാം ഇന്നിങ്‌സില്‍ 374 റണ്‍സിന് പുറത്ത്. സെഞ്ച്വറി നേടിയ സര്‍ഫ്രാസ് ഖാനാണ് രണ്ടാം ദിനത്തില്‍ മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. 248 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് മുംബൈ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്.
രണ്ടാം ദിനത്തിന്‍റെ തുടക്കത്തില്‍ തന്നെ മുംബൈക്ക് ഷാംസ് മുലനിയെ നഷ്‌ടപ്പെട്ടിരുന്നു. ആദ്യ സെഷനില്‍ 103 റണ്‍സ് ചേര്‍ത്തപ്പോള്‍ 3 വിക്കറ്റും മുംബൈയ്‌ക്ക് നഷ്‌ടമായിരുന്നു. 190 പന്തില്‍ സീസണിലെ നാലം ശതകം പൂര്‍ത്തിയാക്കിയ സര്‍ഫ്രാസ് ഖാനാണ് മുംബൈയെ രക്ഷിച്ചത്.
ഒരു വശത്ത് മുംബൈ വാലറ്റക്കാര്‍ കൂടാരം കയറാന്‍ മത്സരിച്ചപ്പോള്‍ സര്‍ഫ്രസ് ഖാനാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 12 ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു മുംബൈ യുവ താരത്തിന്‍റെ ഇന്നിങ്‌സ്. മധ്യപ്രദേശിനായി ഗൗരവ് യാദവ് നാല് വിക്കറ്റ് സ്വന്തമാക്കി.
ഒന്നാം ദിനം മിന്നി യശ്വസി: നേരത്തെ ഒന്നാം ദിവസം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. മിന്നും ഫോമിലുള്ള യശസ്വി ജെയ്‌സ്വാളും പൃഥ്വി ഷായും ചേര്‍ന്ന് ആദ്യ വിക്കറ്റിൽ 87 റൺസാണ് കൂട്ടിച്ചേർത്തത്. 47 റൺസ് നേടിയ പൃഥ്വി ഷായെ അനുഭവ് അഗര്‍വാള്‍ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്. പിന്നാലെ എത്തിയ അര്‍മാന്‍ ജാഫറും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. ടീം സ്‌കോര്‍ 120 ല്‍ നില്‍ക്കുമ്പോള്‍ 26 റണ്‍സെടുത്ത അര്‍മാനെ കുമാര്‍ കാര്‍ത്തികേയ മടക്കി.
നാലാമനായി എത്തിയ സുവേദ് പര്‍ക്കറെ നിലയുറപ്പിക്കും മുന്‍പ് സരന്‍ഷ് ജൈന്‍ മടക്കിയതോടെ മുംബൈ 50.1 ഓവറില്‍ 147-3 എന്ന നിലയിലേക്ക് വീണു. മുംബൈ ഒന്നു പകച്ചെങ്കിലും ജെയ്‌സ്വാളും സര്‍ഫറാസ് ഖാനും ചേര്‍ന്ന് ടീമിനെ നയിച്ചു. വ്യക്തിഗത സ്‌കോര്‍ 78 ല്‍ നില്‍ക്കെ ജെയ്‌സ്വാളിനെ അനുഭവ് അഗര്‍വാള്‍ പുറത്താക്കുകയായി്രുന്നു. 168 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സുമടക്കമാണ് ജെയ്‌സ്വാൾ 78 റൺസ് നേടിയത്.
മധ്യപ്രദേശ് നിരയില്‍ ഗൗരവ് യാദവിന് പുറമെ, അനുഭവ് അഗര്‍വാള്‍ മൂന്നും ശരന്‍ഷ് ജെയിന് രണ്ട് വിക്കറ്റും ലഭിച്ചു. കുമാര്‍ കാര്‍ത്തികേയക്കാണ് ശേഷിക്കുന്ന ഒരു വിക്കറ്റ് ലഭിച്ചത്.