മുംബൈ:ആഭ്യന്തര ക്രിക്കറ്റിലെ ക്ലാസിക്ക് പോരാട്ടങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇന്ത്യയുടെ അഭിമാനമായ രഞ്ജി ട്രോഫി തിരിച്ചുവരുന്നു. മൂന്ന് മാസത്തെ ജാലകത്തില്‍ ഇത്തവണ രഞ്ജി കളിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലാണ് ബിസിസിഐ തീരുമാനം.
ഈ വര്‍ഷം നവംബര്‍ 16ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി പോരാട്ടങ്ങള്‍ അടുത്ത വര്‍ഷം ഫിബ്രുവരി 19ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
കൊവിഡ് ഭീതിയില്‍ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി റദ്ദാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു തീരുമാനം. 38 ടീമുകളാകും രഞ്ജി ട്രോഫിയില്‍ മാറ്റുരക്കുക. എലൈറ്റ് എ, ബി, പാനലുകളിലായി ഒമ്പത് വീതം ടീമുകളും എലൈറ്റ് സി പാനലിലും പ്ലേറ്റ് പാനലിലും 10 ടീമുകളും മത്സരിക്കും. 177 മത്സരങ്ങളാണ് രഞ്ജി ട്രോഫിയില്‍ നടക്കുക.
രഞ്ജി ട്രോഫി കൂടാതെ കഴിഞ്ഞ തവണത്തെ പോലെ വിജയ്‌ഹസാരെ ട്രോഫിയും സെയിദ് മുഷ്‌താഖ് അലി ട്രോഫിയും സംഘടിപ്പിക്കും. മുഷ്‌താഖ് അലി ടി20 മത്സരങ്ങള്‍ ഒക്‌ടോബര്‍ 20 മുതല്‍ നവംബര്‍ 12 വരെയും വിജയ് ഹസാരെ ട്രോഫി അടുത്ത വര്‍ഷം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 26 വരെയും നടക്കും. മുഷ്‌താഖ് അലി ടി20യില്‍ 149ഉം വിജയ്‌ഹസാരെയില്‍ 169ഉം മത്സരങ്ങളാണ് നടക്കുക. പുരുഷ വനിത വിഭാഗങ്ങിലെ മറ്റ് ടൂര്‍ണമെന്‍റുകളുടെ സമയ ക്രമവും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്.