രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ കേരളത്തിനെതിരെ മധ്യപ്രദേശിന് മികച്ച തുടക്കം. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 90 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 എന്ന നിലയിലാണ് മധ്യപ്രദേശ്.
സെഞ്ചുറി നേടിയ ഓപ്പണർ യാഷ് ദുബെ ( 264 പന്തില്‍ 105 റണ്‍സ്) അര്‍ധസെഞ്ചുറി നേടിയ രജത് പട്ടിദാര്‍ (183 പന്തില്‍ 75 റണ്‍സ്) എന്നിവരുടെ പ്രകടമാണ് മധ്യപ്രദേശിന് തുടണയായത്. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇതേവരെ 130 റൺസാണ് ഇരുവരും ടീം ടോട്ടലിലേക്ക് ചേര്‍ത്തത്.
ഓപ്പണർ ഹിമാൻഷു മന്ത്രി (23), ശുഭം വർമ (11) എന്നിവരുടെ വിക്കറ്റുകളാണ് മധ്യപ്രദേശിന് നഷ്‌ടമായത്. കേരളത്തിനായി ജലജ് സക്‌സേനയും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
also read: ' കണക്കുകൾ കളി പറയും'.. ഇതാണ് കിങ് കോലിയുടെ ടെസ്റ്റ് കരിയര്‍
നോക്കൗട്ട് ലക്ഷ്യം വെയ്‌ക്കുന്ന ഇരു സംഘത്തിനും ഏറെ നിര്‍ണായകമായ മത്സരമാണിത്. എലൈറ്റ് ഗ്രൂപ്പില്‍ നിന്ന് ഒരു ടീം മാത്രമേ നോക്കൗട്ട് റൗണ്ടിലെത്തൂവെന്നിരിക്കെ തുല്യ പോയിന്‍റുള്ള (13 പോയിന്‍റ്) ഇരു സംഘവും ജയംമാത്രമാണ് ലക്ഷ്യം വെയ്‌ക്കുന്നത്. മത്സരം സമനിലയിലാവുകയാണെങ്കില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടുന്ന ടീമാണ് മുന്നേറുക.