റാഞ്ചി: രഞ്‌ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെ 85 റണ്‍സിനാണ് കേരളം കീഴടക്കിയത്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തെ കേരള ക്യാപ്റ്റന്‍ സഞ്‌ജു സാസംണിന്‍റെ ധീരമായ ഡിക്ലറേഷന്‍ തീരുമാനമാണ് ആവേശമാക്കിയത്. സ്‌കോര്‍: കേരളം 475, 187/7 (ഡി), ജാര്‍ഖണ്ഡ് 340, 237.
കേരളം ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജാര്‍ഖണ്ഡ് 237 റണ്‍സില്‍ പുറത്താവുകയായിരുന്നു. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 475 റണ്‍സിന് മറുപടിക്കിറങ്ങിയ ജാര്‍ഖണ്ഡ് 340 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം അതിവേഗം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സടിച്ച് കൂട്ടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
അഞ്ച് വിക്കറ്റ് വീഴ്‌ത്തി വൈശാഖ് ചന്ദ്രനും നാല് വിക്കറ്റ് വീഴ്‌ത്തിയ ജലജ് സക്‌സേനയും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ജാര്‍ഖണ്ഡിനെ തകര്‍ത്തത്. ബേസില്‍ തമ്പി ഒരു വിക്കറ്റ് വീഴ്‌ത്തി. 116 പന്തില്‍ 92 റണ്‍സ് നേടിയ കുമാർ കുശാഗ്രയാണ് ജാര്‍ഖണ്ഡിന്‍റെ ടോപ് സ്‌കോറര്‍.
സൗരഭ് തിവാരി (37), ക്യാപ്റ്റന്‍ വിരാട് സിങ് (32), ഇഷാന്‍ കിഷന്‍ (22), മുഹമ്മദ് നാസിം (17), മനുഷി (23) എന്നിങ്ങനെയാണ് അക്കൗണ്ട് തുറന്ന മറ്റ് താരങ്ങളുടെ സംഭാവന. 30-ാം ഓവറില്‍ ഏഴ് വിക്കറ്റിന് 112 റണ്‍സെന്ന നിലയിലേക്ക് വീണ അതിഥേയര്‍ക്കായി കുമാർ കുശാഗ്രയും മനുഷിയും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് കേരളത്തിന്‍റെ വിജയം വൈകിപ്പിച്ചത്.