രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ മിന്നല്‍ പ്രകടനവുമായി സൗരാഷ്‌ട്ര നായകന്‍ ജയ്‌ദേവ് ഉനദ്‌ഘട്ട്. ഡല്‍ഹിയ്‌ക്കെതിരായ മത്സരത്തില്‍ പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത ഇടങ്കയ്യന്‍ പേസര്‍ റെക്കോഡ് പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിയെ ഉനദ്‌ഘട്ട് നിലം തൊടാന്‍ അനുവദിച്ചില്ല.
ആദ്യ ഓവറില്‍ തന്നെ ഹാട്രിക് പ്രകടനവുമായാണ് താരം തിളങ്ങിയത്. ഓവറിലെ മൂന്ന്, നാല്, അഞ്ച് പന്തുകളിലാണ് താരം തുടര്‍ച്ചയായ വിക്കറ്റുകള്‍ നേടിയത്. ധ്രുവ് ഷോറെ (0), വൈഭവ് റവാല്‍ (0), ക്യാപ്റ്റന്‍ യാഷ് ദുല്‍ (0) എന്നിവരായിരുന്നു ഉനദ്‌ഘട്ടിന്‍റെ ഇരകള്‍.
ഈ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ആദ്യ ഒന്നാം ഓവർ ഹാട്രിക്കാണിത്. തന്‍റെ രണ്ടാം ഓവറില്‍ ജോണ്ടി സിദ്ദു (4), ലളിത് യാദവ് (0) എന്നിവരെയും ഉനദ്‌ഘട്ട് തിരിച്ച് കയറ്റി.
തുടര്‍ന്ന് ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലക്ഷ്യയേയും (1) പുറത്താക്കിയ താരം തന്‍റെ ആദ്യ അഞ്ചോവറില്‍ വെറും 12 റണ്‍സ് മാത്രം വഴങ്ങി വീഴ്‌ത്തിയത് ആറ് വിക്കറ്റാണ്. പിന്നാലെ ശിവങ്ക് വസിഷ്ഠ് (38), കുല്‍ദീപ് യാദവ് (0) എന്നിവരെയും പുറത്താക്കിയ ഉനദ്‌ഘട്ട് ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് തികച്ചു. 12 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങിയാണ് താരത്തിന്‍റെ പ്രകടനം.
സൗരാഷ്‌ട്രയ്‌ക്കായി പ്രേരക് മങ്കാട്, ചിരാഗ് ജാനി എന്നിവര്‍ ഓരോ വിക്കറ്റ് കൂടി നേടിയതോടെ ഡല്‍ഹിയുടെ ഒന്നാം ഇന്നിങ്‌സ് 133 റണ്‍സില്‍ അവസാനിച്ചു. അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ഹൃത്വിക് ഷോക്കീൻ ആണ് ഡല്‍ഹിയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 90 പന്തില്‍ 68 റണ്‍സാണ് താരം നേടിയത്. ശിവങ്കിനെ കൂടാതെ പുറത്തായ മറ്റൊരു താരത്തിനും രണ്ടക്കം തൊടാന്‍ കഴിഞ്ഞില്ല.
Also read:മൂന്ന് ഓവറില്‍ ആറ് റണ്‍സിന് 3 വിക്കറ്റ്; മലയാളി താരത്തിന്‍റെ മികവില്‍ ഇന്ത്യയ്‌ക്ക് വിജയം