മുംബൈ :ബോളെറിയും മുമ്പ് ക്രീസ് വിടുന്ന നോണ്‍ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്ന മങ്കാദിങ് രീതിക്ക് താന്‍ അനുകൂലമാണെന്ന് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഗോവയുടെ ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. എന്നാല്‍ വ്യക്തിപരമായി താനത് ചെയ്യില്ലെന്നും അര്‍ജുന്‍ പറഞ്ഞു. രഞ്ജി ട്രോഫിയില്‍ ഗോവ-സര്‍വീസസ് മത്സരത്തിനിടെ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍റെ പ്രതികരണം.
മങ്കാദിങ് ക്രിക്കറ്റിന്‍റെ സ്പിരിറ്റിന് എതിരാണെന്ന് പറയുന്നവരോട് താന്‍ യോജിക്കുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു. "ഞാൻ പൂർണമായും മങ്കാദിങ്ങിനെ അനുകൂലിക്കുന്നു. ക്രിക്കറ്റ് നിയമത്തിലുള്ളതാണത്.
ഇത് കളിയുടെ സ്പിരിറ്റിന് എതിരാണെന്ന് പറയുന്ന ആളുകളോട് ഞാൻ വിയോജിക്കുന്നു. പക്ഷേ വ്യക്തിപരമായി ഞാനത് ചെയ്യില്ല. പന്തെറിയാനായി ഇത്രയും ദൂരം ഓടിയെത്തിയശേഷം ബെയില്‍സ് ഇളക്കാനായി സമയം നഷ്ടമാക്കാന്‍ എനിക്ക് കഴിയില്ല.
ഒരു പേസ് ബൗളറുടെ ഊര്‍ജം നഷ്ടമാക്കുന്ന പ്രവര്‍ത്തിയാണ്. മറ്റാരെങ്കിലും അത് ചെയ്യുകയാണെങ്കില്‍ ഞാനതിനെ പൂര്‍ണമായി പിന്തുണയ്ക്കും" - അര്‍ജുന്‍ പറഞ്ഞു.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മുഹമ്മദ് ഷമിയുടെ മങ്കാദിങ് അപ്പീല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പിന്‍വലിച്ചിരുന്നു. ലങ്കന്‍ നായകന്‍ ദാസുന്‍ ഷനക 98ല്‍ നില്‍ക്കെയാണ് നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡില്‍ നേരത്തെ ക്രീസ് വിട്ടിറങ്ങിയ താരത്തെ ഷമി റണ്ണൗട്ടാക്കാന്‍ ശ്രമിച്ചത്.
ALSO READ:ബാബറിന്‍റേതെന്ന പേരില്‍ സ്വകാര്യ ദ്യശ്യങ്ങളും ചാറ്റും പുറത്ത്; പാകിസ്ഥാന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച് പുതിയ വിവാദം
എന്നാല്‍ രോഹിത് അപ്പീല്‍ പിന്‍വലിച്ചതോടെ സ്‌ട്രൈക്ക് ലഭിച്ച ഷനക തൊട്ടടുത്ത പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്‌തു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ഷനകയെ അത്തരത്തില്‍ പുറത്താക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് അപ്പീല്‍ പിന്‍വലിച്ചതിന്‍റെ കാരണമായി രോഹിത് പിന്നീട് വിശദീകരിച്ചിരുന്നു. ഷമി ചെയ്തതിനെക്കുറിച്ച് തനിക്ക് യാതൊരു മുന്‍ അറിവുമില്ലായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.