ബെംഗളൂരു : ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അപൂര്‍വ ലോക റെക്കോഡ് സ്വന്തമാക്കി ബംഗാള്‍ ക്രിക്കറ്റ് ടീം. രഞ്‌ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ ബംഗാളിനായി ബാറ്റെടുത്ത ആദ്യ ഒമ്പത് താരങ്ങളും 50 റണ്‍സിന് മുകളില്‍ നേടിയാണ് മടങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീമില്‍ ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഒമ്പത് ബാറ്റര്‍മാരും 50ന് മുകളില്‍ റണ്‍സ് നേടുന്നത്.
ബംഗാളിനായി സുദീപ് ഗരാമി (186), അനുസ്‌തൂപ് മജുംദാര്‍ (117) എന്നിവര്‍ സെഞ്ച്വറി നേടിയപ്പോള്‍ അഭിഷേക് രാമന്‍ (61), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (65), മനോജ് തിവാരി (73), അഭിഷേക് പോറല്‍ (68), ഷഹബാസ് അഹമ്മദ് (78), മൊണ്‍ഡല്‍ (53*), ആകാശ് ദീപ് (53*) എന്നിവര്‍ അര്‍ധ സെഞ്ച്വറി കണ്ടെത്തി.
ഒമ്പതാമതായി ക്രീസിലെത്തിയ ആകാശ് ദീപ് 18 പന്തിലാണ് 53 റണ്‍സ് നേടിയത്. അഞ്ച് സിംഗിളുകള്‍ മാത്രമെടുത്ത താരം എട്ട് സിക്‌റുകളാണ് പറത്തിയത്. ഇതോടെ ഒന്നാം ഇന്നിങ്‌സ് ഏഴിന് 773 റണ്‍സെന്ന നിലയില്‍ ബംഗാള്‍ ഡിക്ലയര്‍ ചെയ്‌തു.
1893ല്‍ നടന്ന ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ഒരു ടീമിലെ എട്ട് ബാറ്റര്‍മാര്‍ 50ന് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്‌തിരുന്നു. ഈ റെക്കോഡാണ് ബംഗാള്‍ ടീം തകര്‍ത്തത്. അന്ന് പോര്‍ട്ട്‌സ്മൗത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ സന്ദര്‍ശക ടീമിലെ എട്ടുപേര്‍ ഓക്‌സ്‌ഫോര്‍ഡ് - കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ടീമിനെതിരെ ചുരുങ്ങിയത് 50 റണ്‍സെങ്കിലും നേടിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ബംഗാളും ജാർഖണ്ഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുമ്പ്, 27 അവസരങ്ങളിൽ ഒരു ഫസ്റ്റ് ക്ലാസ് ഇന്നിങ്സില്‍ ഏഴ് ബാറ്റര്‍മാര്‍ 50ലധികം സ്‌കോറുകൾ നേടിയിട്ടുണ്ട്. അസോസിയേഷൻ ഓഫ് ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിഷ്യൻസ് ആൻഡ് ഹിസ്റ്റോറിയൻസ് റെക്കോർഡ്‌സില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
also read: മിതാലിയുടെ വിരമിക്കല്‍ ഒരു യുഗാന്ത്യം ; റെക്കോഡുകളറിയാം
ഇതില്‍ മൂന്നെണ്ണം പിറന്നത് രഞ്‌ജി ട്രോഫിയിലാണ്. 1940-41ൽ നോര്‍ത്തേണ്‍ ഇന്ത്യയ്‌ക്കെതിരെ മഹാരാഷ്‌ട്ര, 1945-46ൽ മൈസൂരിനെതിരെ ഹോൾക്കര്‍, 1996-97ൽ ബിഹാറിനെതിരെ ബംഗാള്‍ എന്നിങ്ങനെയാണ് പ്രസ്‌തുത നേട്ടം കൈവരിച്ചത്.