ആലപ്പുഴ : രഞ്ജി ട്രോഫിയിലെ (Ranji trophy 2024) ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ സമനിലയില്‍ പിടിച്ച് കേരളം. രണ്ടാം ഇന്നിങ്‌സിന് ശേഷം ഉത്തര്‍പ്രദേശ് ഉയര്‍ത്തിയ 383 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുകയായിരുന്ന കേരളം രണ്ടിന് 72 എന്ന നിലയില്‍ നില്‍ക്കെയാണ് കളി സമനിലയില്‍ പിരിഞ്ഞത്. (Kerala vs UP highlights). സ്‌കോര്‍: ഉത്തര്‍പ്രദേശ് 302, 323/3 (ഡി) - കേരളം 243, 72/2.
മത്സരം സമനിലയിലായതോടെ കേരളത്തിന് ഒരു പോയിന്‍റ് ലഭിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ലീഡെടുത്തതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിന് മൂന്ന് പോയിന്‍റാണ് കിട്ടിയത്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ കേരളത്തിന് തുടക്കം തന്നെ തിരിച്ചടി ലഭിച്ചിരുന്നു. ഓപ്പണര്‍ കൃഷ്ണ പ്രസാദ് (10 പന്തില്‍ 0) അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പുറത്തായി.
ആദ്യ ഇന്നിങ്‌സിലും കൃഷ്ണ പ്രസാദ് പൂജ്യത്തിനായിരുന്നു തിരികെ കയറിയത്. രോഹന്‍ കുന്നുമ്മലാണ് (64 പന്തില്‍ 42) പുറത്തായ മറ്റൊരു താരം. രോഹന്‍ പ്രേം (55 പന്തില്‍ 29), സച്ചിന്‍ ബേബി (15 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഉത്തര്‍പ്രദേശ് റിങ്കു സിങ് (136 പന്തില്‍ 92), ധ്രുവ് ജുറെല്‍ (123 പന്തില്‍ 63) എന്നിവരുടെ മികവിലായിരുന്നു 302 റണ്‍സിലേക്ക് എത്തിയത്. മറുപടിക്ക് ഇറങ്ങിയ കേരളം 243 റണ്‍സില്‍ പുറത്തായതോടെ ഒന്നാം ഇന്നിങ്‌സില്‍ 59 റണ്‍സിന്‍റെ ലീഡെടുക്കാനും ടീമിനായി.