ബെംഗളൂരു: രഞ്‌ജി ട്രോഫിയിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തേക്ക് തന്‍റെ വരവ് വീണ്ടും വീണ്ടും വിളിച്ചു പറയുകയാണ് മുംബൈ ബാറ്റര്‍ സർഫറാസ് ഖാൻ. ഐപിഎല്ലിന്‍റെ ഇടവേളയ്‌ക്ക് ശേഷം രഞ്‌ജി ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിച്ചപ്പോഴും 24കാരനായ സര്‍ഫറാസ് നിര്‍ത്തിയിടത്ത് നിന്നു തന്നെ തുടങ്ങി. രഞ്ജി ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെതിരായ മത്സരത്തില്‍ 152 റണ്‍സടിച്ചാണ് താരം ടീമിന് മുതല്‍ക്കൂട്ടായത്.
സീസണില്‍ മുംബൈക്കായുള്ള താരത്തിന്‍റെ മൂന്നാം സെഞ്ചുറി കൂടിയാണിത്. ഇതടക്കം നാല് മത്സരങ്ങളില്‍ നിന്നും 700ലേറെ റണ്‍സാണ് സര്‍ഫറാസ് ഈ സീസണില്‍ അടിച്ച് കൂട്ടിയത്. 2019-20 സീസൺ മുതൽ രഞ്ജി ട്രോഫിയിൽ അവിശ്വസനീയമായ ഫോമിലാണ് സര്‍ഫറാസ്. സീസണില്‍ ആറ് മത്സരങ്ങളില്‍ ഒരു ട്രിപ്പിള്‍ സെഞ്ചുറിയുള്‍പ്പെടെ 928 റൺസ് നേടിയ താരം ബാറ്റിങ് ചാർട്ടിൽ ഒന്നാമതെത്തിയിരുന്നു.
154.66 ശരാശരിയോടെയായിരുന്നു താരത്തിന്‍റെ പ്രകടനം. കൊവിഡെടുത്ത സീസണിന് ശേഷം അഹമ്മദാബാദിൽ കരുത്തരായ സൗരാഷ്ട്രയ്‌ക്കെതിരെ 275 റൺസ് നേടിയാണ് സർഫറാസ് ഈ സീസണ്‍ ആരംഭിച്ചത്. പിന്നീട് ഗോവയ്‌ക്കെതിരെ 63, 48 റൺസ് സ്‌കോർ ചെയ്‌ത താരം ഒഡിഷയ്‌ക്കെതിരെ 165 റൺസും അടിച്ചു.
ചരിത്രത്തില്‍ ഇടം പിടിച്ച പ്രകടനം:രഞ്‌ജി ക്വാർട്ടറില്‍ ഉത്തരാഖണ്ഡ് ബൗളര്‍മാര്‍ക്കെതിരെ ആക്രമിച്ച് കളിച്ച സര്‍ഫറാസ് 205 പന്തിൽ നിന്ന് 4 സിക്‌സും 14 ബൗണ്ടറികളും സഹിതം 153 റൺസാണ് അടിച്ചെടുത്തത്. നേരിട്ട ഓരോ 2 ഓവറിലും ഒരു ബൗണ്ടറി നേടാനും മുംബൈ ബാറ്റര്‍ക്കായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സര്‍ഫറാസിന്‍റെ 7ാം സെഞ്ചുറിയാണിത്.
നേരത്തെ ആറ് തവണയും സെഞ്ചുറി നേടിയപ്പോള്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ താരത്തിനായിരുന്നു. ഇതോടെ തന്‍റെ ആദ്യ ഏഴ് സെഞ്ചുറികളും 150 മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ബാറ്ററെന്ന നിലയില്‍ താരം ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്‌തു.
മുന്നില്‍ സാക്ഷാല്‍ ബ്രാഡ്‌മാന്‍ മാത്രം: 80ല്‍ ഏറെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സര്‍ഫറാസിന്‍റെ ബാറ്റിങ് ശരാശരി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ചുരുങ്ങിയത് 2000 റണ്‍സെങ്കിലും നേടിയ താരങ്ങളില്‍ മികച്ച ശരാശരിയുള്ള ബാറ്ററെന്ന റെക്കോഡില്‍ സാക്ഷാല്‍ ഡൊണാൾഡ് ബ്രാഡ്‌മാന്‍ മാത്രമാണ് സര്‍ഫറാസിന് മുന്നിലുള്ളത്.
കണ്ടിട്ടും കാണാത്തതോ?:കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും ഇന്ത്യന്‍ ടീമിലേക്ക് ഇതേവരെ സര്‍ഫറാസിന് വിളിയെത്തിയിട്ടില്ല. ഐപിഎൽ 2022 സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി 6 മത്സരങ്ങൾ മാത്രമാണ് 24 കാരനായ താരം കളിച്ചത്.