കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയുടെ ചില പ്രസ്‌താവനകള്‍ ഏറെ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കിടെ തന്‍റെ വാദത്തിന് ബലം നല്‍കാന്‍ ഇന്ത്യന്‍ താരം വിരാട് കോലിയെ ട്രോളാന്‍ ശ്രമിച്ച റമീസ് രാജയ്‌ക്ക് അവതാരക നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
പാക് ക്രിക്കറ്റ് താരങ്ങളുടെ നേട്ടങ്ങള്‍ക്ക് രാജ്യത്തെ മാധ്യമങ്ങളും ആരാധകരും വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നായിരുന്നു ചര്‍ച്ചയ്‌ക്കിടെ റമീസ് രാജ പറഞ്ഞത്. തന്‍റെ അഭിപ്രായം സമര്‍ഥിക്കുന്നതിനായി ഏഷ്യ കപ്പില്‍ അഫ്‌ഗാനെതിരെ വിരാട് കോലി നേടിയ സെഞ്ചുറിയെ റമീസ് രാജ ചര്‍ച്ചയിലേക്ക് വലിച്ചിഴയ്‌ക്കുകയായിരുന്നു.
കോലി തന്‍റെ 71-ാം സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങളും ജനങ്ങളും അതാഘോഷമാക്കി. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ബാബര്‍ അസം സെഞ്ചുറി നേടിയപ്പോള്‍ പാകിസ്ഥാനിലെ സ്ഥിതി വ്യത്യസ്‌തമായിരുന്നു. കുറഞ്ഞ സ്‌ട്രൈക്ക് റേറ്റാണ് അവിടെ ചര്‍ച്ചയായത്. ഏഷ്യ കപ്പിന്‍റെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ടീം ഇന്ത്യയോടും കോലിയോടും ഇന്ത്യക്കാർ ചെയ്‌തതുപോലെ പാക് ടീമിന് രാജ്യത്തെ മാധ്യമങ്ങളും ആരാധകരും പിന്തുണ നൽകണമെന്നും റമീസ് രാജ പറഞ്ഞു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കോലിയുടെ സെഞ്ചുറിയായതിനാലാണ് അതാഘോഷിക്കപ്പെട്ടതെന്നും മറിച്ചായിരുന്നുവെങ്കില്‍ ഇത്രയും പ്രധാന്യം ലഭിക്കില്ലെന്നും അവതാരകന്‍ റമീസ് രാജയ്‌ക്ക് മറുപടി നല്‍കി. ഇതോടെ സ്വരം കടുപ്പിച്ച റമീസ് രാജ തിരിച്ചടിക്കാന്‍ ശ്രമം നടത്തി. ഇതിനായി കോലിയുടെ സെഞ്ചുറിയെ താഴ്‌ത്തിക്കെട്ടാനാണ് റമീസ് രാജ ശ്രമം നടത്തിയത്.