കറാച്ചി : 14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് സഹായം നല്‍കിയ സ്‌പിന്നർ യാസിർ ഷായ്‌ക്കെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി റമീസ് രാജ. ടീമിലെ കളിക്കാർക്ക് അവരുടെ സ്ഥാനം എന്താണെന്ന് നിരന്തരം പറഞ്ഞുകൊടുക്കുന്നുണ്ട്. അതിനാൽ തന്നെ ഇത്തരം വാർത്തകൾ ഒട്ടും നല്ലതല്ലെന്നും റമീസ് രാജ പറഞ്ഞു.
യാസിർ ടീമിലെ പ്രധാന താരമാണ്. ഞങ്ങൾ കളിക്കാരെ പരിശീലിപ്പിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ടീമിൽ അവരുടെ സ്ഥാനം എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാറുണ്ട്. ആരുമായി എവിടെ സൗഹൃദം സ്ഥാപിക്കണം എന്ന് താരങ്ങൾ അറിഞ്ഞിരിക്കണം, റമീസ് പറഞ്ഞു.
ഈ കേസിലെ സത്യമെന്താണെന്ന് എനിക്കറിയില്ല, എന്നാൽ ഇത്തരം വാർത്തകൾ പാകിസ്ഥാൻ ക്രിക്കറ്റിന് നല്ലതല്ലെന്നത് വസ്തുതയാണ്. പ്രത്യേകിച്ചും പാകിസ്ഥാൻ ക്രിക്കറ്റിന് ഉയർച്ചയുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം ഘട്ടങ്ങളിൽ, റമീസ് കൂട്ടിച്ചേർത്തു.
യാസിർ ഷായുടെ സുഹൃത്ത് ഫർഹാൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാക് സ്‌പിൻ താരത്തിനെതിരെ ക്രിമിനൽ കേസ് എടുത്തിരിക്കുന്നത്. യാസിറും സുഹൃത്തും ഇപ്പോൾ ഒളിവിലാണ്.
ALSO READ:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് സഹായം; പാക് ക്രിക്കറ്റ് താരത്തിനെതിരെ കേസ്
സഹായത്തിനായി പെണ്‍കുട്ടി യാസിറിനെ സമീപിച്ചപ്പോൾ താരം വാട്ട്സ്ആപ്പിലൂടെ ചിരിക്കുന്ന സ്മൈലി അയച്ചെന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞാല്‍ പ്രതികരണം മോശമായിരിക്കുമെന്ന് യാസിർ ഷാ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. താൻ വളരെ സ്വാധീനമുള്ള ആളാണെന്നും തനിക്ക് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും യാസിർ ഷാ കുട്ടിയോട് പറഞ്ഞു.
പാകിസ്ഥാനുവേണ്ടി 46 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചിട്ടുള്ള യാസിറിന്‍റെ വിരലിന് പരിക്കേറ്റതിനാൽ അടുത്തിടെയുള്ള ബംഗ്ലാദേശ് പര്യടനം നഷ്ടമായിരുന്നു. 46 ടെസ്റ്റുകളിൽ നിന്ന് 235 വിക്കറ്റുകൾ യാസിർ നേടിയിട്ടുണ്ട്. 41 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റെടുത്തതാണ് താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം.