മുംബൈ: അന്താരാഷ്‌ട്ര ടി20യില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഓൾറൗണ്ടർ ദീപ്‌തി ശർമയെ അഭിനന്ദിച്ച് ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രാകുല്‍ പ്രീത് ദീപ്തിയെ അഭിനന്ദിച്ചത്. ടി20 ലോകകപ്പില്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരായ മൂന്ന് വിക്കറ്റ് പ്രകടനത്തോടെയാണ് 25കാരിയായ ദീപ്‌തി ടി20യില്‍ 100 വിക്കറ്റുകള്‍ തികച്ചത്.
താരത്തിന്‍റെ 89ാം മത്സരമായിരുന്നുവിത്. അന്താരാഷ്‌ട്ര തലത്തില്‍ 100 ടി20 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ഒമ്പതാമത്തെ മാത്രം ബോളറാണ് ദീപ്‌തി. 98 വിക്കറ്റുകളുമായി ഇന്ത്യയുടെ പൂനം യാദവും ഈ നിര്‍ണായക നാഴികല്ലിന് അരികെയുണ്ട്.
സ്‌പിന്നര്‍ യുസ്‌വന്ദ്ര ചാഹലാണ് ടി20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള ഇന്ത്യന്‍ പുരുഷ താരം. 91 വിക്കറ്റുകളാണ് ചാഹലിന് ഇതേവരെ നേടാന്‍ കഴിഞ്ഞത്. ഇന്ത്യയ്‌ക്കായി ബോളുകൊണ്ടും ബാറ്റുകൊണ്ടും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ദീപ്‌തി വിമൻസ് പ്രീമിയര്‍ ലീഗ് (ഡബ്ലിയുപിഎല്‍) ലേലത്തില്‍ പണം വാരിയിരുന്നു.
സ്റ്റാര്‍ ഓള്‍റൗണ്ടറെ 2.60 കോടി രൂപയ്‌ക്ക് യുപി വാരിയേഴ്‌സാണ് സ്വന്തമാക്കിയത്. ഇതോടെ ടീമിലെ ഏറ്റവും മൂല്യമേറിയ താരമായും ദീപ്‌തി മാറി. അതേസമയം വിന്‍ഡീസ് വനിതകള്‍ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
32 പന്തിൽ 44 റണ്‍സുമായി പുറത്താവാതെ നിന്ന റിച്ച ഘോഷിന്‍റെ പ്രകടനവും ഇന്ത്യയ്‌ക്ക് നിര്‍ണായകമായി. ഓപ്പണർമാരായ ഷഫാലി വർമയും സ്‌മൃതി മന്ദാനയും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് നൽകിയത്. തുടക്കം മുതൽ തകർത്തടിച്ച് തുടങ്ങിയ ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 32 റണ്‍സാണ് കൂട്ടിച്ചേർത്തത്. എന്നാൽ മൂന്നാം ഓവറിൽ സൂപ്പർ താരം സ്‌മൃതി മന്ദാനയെ ഇന്ത്യക്ക് നഷ്‌ടമായി.
10 റണ്‍സ് നേടിയ താരത്തെ കരിഷ്‌മയുടെ പന്തിൽ റഷാഡ വില്യംസ് സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു. പിന്നാലെയത്തിയ ജെമീമ റോഡ്രിഗസിന് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല. ഒരു റണ്‍സ് മാത്രം നേടിയ താരത്തെ ഹെയ്‌ലി മാത്യൂസാണ് പുറത്താക്കിയത്. പിന്നാലെ 23 പന്തിൽ 28 റണ്‍സെടുത്ത ഷഫാലിയേയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി.
തുടർന്ന് ക്രീസിലെത്തിയ ഹർമൻ പ്രീത് കൗറും റിച്ച ഘോഷും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 72 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ വിജയത്തിന് നാല് റണ്‍സ് അകലെ ഹര്‍മനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. 32 പന്തിൽ 44 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.
പിന്നാലെയെത്തിയ ദേവിക വൈദ്യയെ കൂട്ടുപിടിച്ച് റിച്ച ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. നാല് ഓവറിൽ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ദീപ്‌തി ശർമയുടെ പ്രകടനമാണ് വിന്‍ഡീസിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഈ പ്രകടനത്തിന് മത്സരത്തിലെ താരമായും ദീപ്‌തി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ALSO READ:ആരാണ് സപ്‌ന ഗില്‍; പൃഥ്വി ഷായെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതിയെക്കുറിച്ച് അറിയാം