മുംബൈ: ഐപിഎൽ 15-ാം സീസണിന്‍റെ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാജസ്ഥാൻ റോയൽസിന്‍റെ സോഷ്യൽ മീഡിയ ടീമിനെ പുറത്താക്കിയ സംഭവം വെറും പ്രാങ്ക്. സംഭവം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായതിനു പിന്നാലെയാണ് എല്ലാം നാടകമായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ് രംഗത്തെത്തിയത്. രാജസ്ഥാൻ റോയൽസിന്‍റെ സോഷ്യൽ മീഡിയ ടീം തയാറാക്കിയ പ്രാങ്ക് ആയിരുന്നു ഇതെന്ന് വ്യക്തമാക്കി പുതിയൊരു വിഡിയോയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
സോഷ്യൽ മിഡിയ ടീമിനെ പുറത്താക്കിയെന്ന വാർത്തയ്ക്കു പിന്നാലെ ‘വൺ ലാസ്റ്റ് ടൈം’ എന്ന പേരിൽ രാജസ്ഥാൻ റോയൽസ് അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള ഒരു വിഡിയോ പോസ്റ്റ് ചെയ്‌തിരുന്നു. പുറത്താക്കപ്പെട്ട അഡ്‌മിൻ രാജസ്ഥാൻ താരങ്ങളുടെയും പരിശീലകരായ കുമാർ സംഗക്കാര, ലസിത് മലിംഗ എന്നിവരുടെയും ടീം ഉടമകളുടെയും അടുത്ത് ചെല്ലുന്നതാണ് വിഡിയോയിലുള്ളത്. എല്ലാവരും ഇവരെ കയ്യൊഴിയുന്നതും പുറത്താക്കുന്നതും വിഡിയോയിൽ കാണാം.
ഇതിനു പിന്നാലെ ഇന്നു രാവിലെ മറ്റൊരു വിഡിയോ കൂടി പോസ്റ്റ് ചെയ്‌തതോടെ പ്രാങ്ക് പൂർണം. ‘ഒരു വ്യാജ ഓഡിഷൻ കൂടിയില്ലെങ്കിൽ ഈ പ്രാങ്ക് അപൂർണമാകും’ എന്ന ക്യാപ്ഷൻ സഹിതമാണ് പുതിയ വിഡിയോ.
രാജസ്ഥാൻ ടീം ഉടമകൾ പുതിയ സോഷ്യൽ മിഡിയ ടീമിനെ കണ്ടെത്താൻ ഓഡിഷൻ നടത്തുന്നതായിട്ടാണ് രണ്ടു മിനിറ്റുള്ള ഈ വിഡിയോയിലുള്ളത്. അനുയോജ്യരായ ആളുകളെ കണ്ടെത്താൻ സാധിക്കാതെ ‘പുറത്താക്കിയ’ ടീമിനെത്തന്നെ സോഷ്യൽ മിഡിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്.
ALSO READ:സഞ്ജുവിനെ ട്രോളി ട്വിറ്ററിൽ പോസ്റ്റ്; രാജസ്ഥാൻ റോയൽസ് സോഷ്യൽ മീഡിയ ടീമിന്‍റെ കുറ്റി തെറിച്ചു
സംഭവം ഇങ്ങനെ:ഇന്ന് ഉച്ചയോടെയാണ് ടീമിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ സഞ്ജു സാംസണ്‍ ബസിലിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്‌തത്. എന്നാൽ ചിത്രത്തിൽ സഞ്ജുവിന് തലപ്പാവും, കണ്ണടയും ചെവിയിൽ കമ്മൽ പോലുള്ള തോരണങ്ങളും നൽകി 'എത്ര സുന്ദരനാണ്' എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തത്. പിന്നാലെ ഇതിന് മറുപടിയുമായി സഞ്ജുവും രംഗത്തെത്തി.
'സുഹൃത്തുക്കളേ, ചെയ്യുന്നതൊക്കെ കൊള്ളം. പക്ഷേ ടീം എന്ന നിലയിൽ പ്രൊഫഷണലായിരിക്കണം' എന്നതായിരുന്ന സഞ്ജുവിന്‍റെ മറുപടി ട്വീറ്റ്. പിന്നാലെ സഞ്ജു രാജസ്ഥാനെ ട്വിറ്ററിൽ അണ്‍ഫോളോ ചെയ്‌തു. ഇതോടെ തങ്ങളുടെ ട്രോൾ ക്യാപ്‌റ്റന് അത്ര രസിച്ചില്ല എന്ന് മനസിലാക്കിയ സോഷ്യൽ മീഡിയ ടീം പോസ്റ്റ് ഡീലിറ്റ് ചെയ്‌ത് സംഭവത്തിൽ നിന്ന് തടിയൂരി.