മുംബൈ :ഒടുവിൽ കാത്തിരുന്ന ആ വിളിയെത്തി. ഇന്ത്യൻ കുപ്പായത്തിൽ കളിക്കുക എന്ന തന്‍റെ സ്വപ്‌നത്തിനരികിൽ എത്തിയിരിക്കുകയാണ് ഐപിഎല്ലിലെ മിന്നും താരം രാഹുൽ ത്രിപാഠി. അതും തന്‍റെ 31-ാം വയസിൽ. ഐപിഎല്ലിൽ ഇതുവരെ താൻ കളിച്ച ടീമുകൾക്കായി കഴിവിന്‍റെ പരമാവധി നൽകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വിളി ത്രിപാഠിക്ക് സ്വപ്‌നമായി മാത്രം അവശേഷിക്കുകയായിരുന്നു ഇന്നലെ വരെ.
കഴിഞ്ഞ സീസണുകളിൽ ഐപിഎല്ലിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തിട്ടും ത്രിപാഠിയെ തഴഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സെലക്‌ടർമാർ. എന്നാൽ ഇത്തവണ ഇന്ത്യൻ സീനിയർ ടീം ഇംഗ്ലണ്ടിലേക്ക് പോയത് ത്രിപാഠിക്ക് ഗുണകരമായി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ടു. പിന്നാലെയാണ് അയർലാൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ ത്രിപാഠിയെ ഉൾപ്പെടുത്തിയത്.
ഐപിഎല്ലിലെ വിശ്വസ്‌തനായ താരം എന്ന് ത്രിപാഠിയെ വിശേഷിപ്പിക്കാം. കഴിഞ്ഞ ഐപിഎൽ സീസണ്‍ വരെ കൊൽക്കത്തയുടെ താരമായിരുന്ന ത്രിപാഠിയെ 8.5 കോടി രൂപയ്ക്കാണ് സണ്‍ റൈസേഴ്‌സ് മെഗാലേലത്തിൽ സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് കളിച്ചില്ലെങ്കിലും ടീമിന്‍റെ വിജയങ്ങളിൽ ത്രിപാഠിയുടെ പങ്ക് വളരെ വലുതായിരുന്നു. സീസണിൽ 14 മത്സരങ്ങളിൽ നിന്ന് മൂന്ന് അർധ സെഞ്ച്വറി ഉൾപ്പെടെ 413 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.