പലമു(ജാർഖണ്ഡ്):കളിക്കുന്നത് ഏത് ടീമിന് വേണ്ടിയായാലും 100 ശതമാനം അർപ്പണബോധത്തോടെ ബാറ്റ് വീശുക എന്നതാണ് രാഹുൽ ത്രിപാഠി എന്ന ബാറ്ററെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്‌തനാക്കുന്നത്. ഐപിഎല്ലിൽ ഇതുവരെ താൻ കളിച്ച ടീമുകൾക്കായി കഴിവിന്‍റെ പരമാവധി നൽകാൻ 31കാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വിളി ത്രിപാഠിക്ക് ഇന്നും സ്വപ്‌നമായി മാത്രം അവശേഷിക്കുകയാണ്.
ദ്രാവിഡും കോലിയും പ്രിയപ്പെട്ടവർ, ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചാൽ കഴിവിന്‍റെ പരമാവധി നൽകും; രാഹുൽ ത്രിപാഠി ഓരോ ഐപിഎൽ ടൂർണമെന്‍റുകളും മികച്ച പഠനാനുഭവമാണെന്നാണ് ത്രിപാഠിയുടെ പക്ഷം. ഐപിഎല്ലിൽ കളിക്കാനായത് ഞങ്ങളുടെ ഭാഗ്യമാണ്. ഞങ്ങളുടെ ടീമിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ല. എന്നാൽ സീസണിലുടനീളം ഒട്ടനവധി കാര്യങ്ങൾ പഠിക്കാനായി. അന്താരാഷ്‌ട്ര താരങ്ങളുമായി മത്സരിക്കാനുള്ള അവസരമാണ് ഐപിഎൽ. ടൂർണമെന്‍റിലൂടെ കൂടുതൽ മെച്ചപ്പെടാനും കൂടുതൽ മുന്നോട്ട് പോകാനും സാധിച്ചു. ത്രിപാഠി ഇടിവി ഭാരതിനോട് പറഞ്ഞു.
ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചാൽ കഴിവിന്‍റെ പരമാവധി മികച്ച പ്രകടനം താൻ പുറത്തെടുക്കുമെന്നും ത്രിപാഠി പറഞ്ഞു. രാഹുൽ ദ്രാവിഡിന്‍റെ കടുത്ത ആരാധകനാണ് ഞാൻ. നിലവിലെ താരങ്ങളിൽ വിരാട് കോലിയും എംഎസ് ധോണിയുമാണ് ഏറ്റവും പ്രിയപ്പെട്ടവർ. ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചാൽ എന്‍റെ കഴിവിന്‍റെ പരമാവധി ഞാൻ പുറത്തെടുക്കും. അത്തരത്തിലൊരു അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ, ത്രിപാഠി കൂട്ടിച്ചേർത്തു.
ക്രിക്കറ്റിനോട് ആവേശം:കുട്ടിക്കാലം മുതലേ ക്രിക്കറ്റിനോട് അടങ്ങാത്ത ആവേശമായിരുന്നു രാഹുൽ ത്രിപാഠിക്ക്. പട്ടാളക്കാരനായ പിതാവ് അതിന് മികച്ച പിന്തുണയാണ് നൽകിയത്. പ്രാദേശിക ക്രിക്കറ്റ് മത്‌സരത്തിൽ രണ്ട് തവണ ഒരോവറിലെ ആറ് പന്തും സിക്‌സ് പറത്തിയെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട് ത്രിപാഠി. ജൂനിയർ സീനിയർ തലങ്ങളിൽ ഉത്തർപ്രദേശിനായി കളിച്ച ത്രിപാഠി അച്ഛന് പൂനയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് പൂനെയിലെ ഏറ്റവും പഴയ ക്ലബുകളിലൊന്നായ ഡെക്കാൻ ജിംഖാനയ്‌ക്കായി കളിക്കാൻ തുടങ്ങി.
എന്നാൽ 2012ലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള ത്രിപാഠിയുടെ മാറ്റം അത്ര സുഗമമായിരുന്നില്ല. 2016-17 സീസണിലെ രഞ്ജി ട്രോഫിയിൽ 11 ഇന്നിങ്സുകളിൽ നിന്ന് 185 റണ്‍സ് മാത്രമാണ് ത്രിപാഠിക്ക് നേടാനായത്. എന്നാൽ ആ വർഷം താരത്തിന്‍റെ ജീവിതത്തിലെ ബ്രേക്ക് ത്രൂ ആയി മാറി. അക്കൊല്ലം നടന്ന ഐപിഎല്ലിൽ റൈസിങ് പൂനെ സൂപ്പർ ജയന്‍റ്സ് ത്രിപാഠിയെ 10 ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കി. അതേടെ രാഹുൽ ത്രിപാഠി എന്ന താരത്തിന്‍റെ ഉദയവും ആരംഭിച്ചു.
പൂനെയിൽ തിളങ്ങി:ആദ്യ സീസണിൽ തന്നെ പൂനെയിൽ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ത്രിപാഠി എട്ട് ഇന്നിങ്സുകളിലെ ഏഴ് മത്സരങ്ങളിൽ 30ൽ അധികം റണ്‍സ് സ്‌കോർ ചെയ്‌തു. ഇത്തവണത്തെ ഐപിഎൽ സീസണ്‍ ത്രിപാഠിയെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണുകളിലൊന്നായിരുന്നു. സീസണിൽ സണ്‍റൈസേഴ്‌സിനായി മൂന്നാം നമ്പർ പൊസിഷനിൽ ഇറങ്ങിയ താരം 14 ഇന്നിങ്സുകളിൽ നിന്ന് 413 റണ്‍സാണ് അടിച്ച് കൂട്ടിയത്.
സീസണിൽ മൂന്നാം നമ്പർ പൊസിഷനിൽ ഇറങ്ങി ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടിയ ബാറ്ററും ത്രിപാഠി തന്നെയായിരുന്നു. ഇതോടെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ താരത്തിന് ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അവിടെയും താരം തഴയപ്പെട്ടു. ഇനി അയർലണ്ടിനെതിരായ പരമ്പരക്കുള്ള ടീമിലെങ്കിലും താരത്തെ ഉൾപ്പെടുത്തുമോ എന്നതാണ് ആരാധകരുടെ ചോദ്യം.