മുംബൈ: കിരീടം നേടാനുറച്ചാണ് ടീം ഇന്ത്യ ഇത്തവണ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന് ഇറങ്ങിയിട്ടുള്ളത്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂർണമെന്‍റില്‍ ഫേവറിറ്റുകളുമാണ് ഇന്ത്യ. ഇതുവരെയുള്ള പ്രകടനത്തില്‍ കിരീടം ഇന്ത്യയ്ക്ക് തന്നെയെന്ന് ക്രിക്കറ്റ് നിരീക്ഷകരും പ്രവചിച്ചു കഴിഞ്ഞു. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് വരുന്ന പരമ്പരയില്‍ പരിശീലകനായി മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്‌മണിനെയാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞ് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഓസ്ട്രേലിയയ്ക്ക് എതിരായ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കുന്നത്.
ദ്രാവിഡിന് പകരക്കാരനോ: നിലവിലെ ടീം ഇന്ത്യയുടെ പരിശീലകൻ രാഹുല്‍ ദ്രാവിഡിന് ടീം ഇന്ത്യയുടെ പരിശീലകനായുള്ള കരാർ 2023 ലോകകപ്പ് വരെയാണ്. കരാർ പുതുക്കിയാല്‍ മാത്രമേ ദ്രാവിഡിന് ടീം ഇന്ത്യയുടെ പരിശീലകനായി തുടരാനാകൂ. അതുകൊണ്ടാണ് ലോകകപ്പിന് തൊട്ടുപിന്നാലെ വരുന്ന ടി20 പരമ്പരയ്ക്കായി ലക്ഷ്‌മണിനെ പരിശീലകനായി തീരുമാനിച്ചിരിക്കുന്നത്. ദ്രാവിഡിന് പരിശീലകനായി തുടരണമെങ്കില്‍ സാധാരണ നടപടിയെന്ന നിലയില്‍ പരിശീലക റോളിലേക്ക് പുതിയ കരാറിനായി അപേക്ഷിക്കണം. അൻപത്തൊന്നുകാരനായ രാഹുല്‍ ദ്രാവിഡ് തന്നെ പരിശീലകനായി തുടരണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നതെന്നാണ് സൂചനകൾ.
ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നില്ലെങ്കില്‍ വിവിഎസ് ലക്ഷ്‌മണിനെ സ്ഥിരം പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ എന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോഡാണ് ലക്ഷ്‌മണിനുള്ളത്. അത് മാത്രമല്ല, ദ്രാവിഡിനെ പോലെ ഇന്ത്യയുടെ അണ്ടർ 19, ഇന്ത്യ എ ടീമുകൾക്കൊപ്പം പ്രവർത്തിക്കുകയും പരിശീലകനായി പ്രവർത്തിക്കുകയും ചെയ്‌ത അനുഭവവും ലക്ഷ്‌മണിനുണ്ട്. ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ഏഷ്യൻ ഗെയിംസ്, അയർലണ്ട് പര്യടനങ്ങളിലും വിവിഎസ് ലക്ഷ്‌മണായിരുന്നു ടീം ഇന്ത്യയുടെ പരിശീലകൻ.