ലണ്ടൻ : കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കോലിയുടെ മോശം ഫോമിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കോലിയുടെ റൺസ് കണ്ടെത്താനുള്ള ത്വരയിലോ കളിയോടുള്ള അഭിനിവേശത്തിലോ കുറവ് വന്നിട്ടില്ലെന്നും എല്ലാം പഴയതുപോലെയാണെന്നും ദ്രാവിഡ് പറഞ്ഞു.
വിരാട് കോലി സെഞ്ച്വറി നേടണമെന്നില്ല, ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴും മത്സരത്തിന് മുന്നോടിയായി കോലി നടത്തുന്ന തയാറെടുപ്പുകളും കഠിനാധ്വാനവും അവിശ്വസനീയമാണ്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനാധ്വാനികളിൽ ഒരാളാണ് കോലി. അദ്ദേഹത്തിന്‍റെ റണ്‍ദാഹമോ കളിയോടുള്ള അഭിനിവേശമോ ഇല്ലാതായെന്ന് ഞാന്‍ കരുതുന്നില്ല. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു.