ഇന്‍ഡോര്‍:2022ലെ ടി20 ലോകകപ്പിലെ റണ്‍വേട്ടയോടെ കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ഇലവനില്‍ സ്ഥാനം നേടാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് കഴിഞ്ഞിരുന്നു. ലോകകപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് 296 റൺസ് നേടിയ കോലി ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററായിരുന്നു. എന്നാല്‍ ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്കായി ഒരൊറ്റ ടി20 മത്സരവും 34കാരനായ കോലി കളിച്ചിട്ടില്ല.
ഇതോടെ ഫോര്‍മാറ്റില്‍ താരത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഇപ്പോഴിതാ എന്തുകൊണ്ടാണ് വിരാട് കോലി ഇന്ത്യയ്‌ക്കായി കളിക്കാത്തതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടീം ഇന്ത്യ ഏറെ മത്സരങ്ങള്‍ കളിക്കുമ്പോള്‍ പ്രത്യേക ഘട്ടങ്ങളിൽ ചില ടൂർണമെന്‍റുകൾക്ക് മുന്‍ഗണന നല്‍കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.
ബോർഡർ-ഗവാസ്കർ ട്രോഫി ഉള്‍പ്പെടെയുടെ പ്രധാന മത്സരങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് യോഗ്യത ഉറപ്പിക്കുന്നതിന് ഏറെ നിര്‍ണായകമായ പരമ്പരയാണിത്. ഏകദിന ലോകകപ്പ് വര്‍ഷം കൂടിയാണിത്. അതിനാലാണ് ടി20 ലോകകപ്പിന് ശേഷം ചില പ്രത്യേക ഫോര്‍മാറ്റുകള്‍ക്ക് തങ്ങള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.