മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള രാഹുല്‍ ദ്രാവിഡിന്‍റെ (Rahul Dravid) കരാര്‍ ഏകദിന ലോകകപ്പോടെ (Cricket World Cup 2023) അവസാനിച്ചിരുന്നു. കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെ 50-കാരനായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് (Indian Premier League) പുതിയ റോളില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ (Lucknow Super Giants) മെന്‍ററായി ദ്രാവിഡ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഫ്രാഞ്ചൈസി അന്‍പതുകാരനുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഫ്രഞ്ചൈസിയുടെ മെന്‍ററായിരുന്ന ഗൗതം ഗംഭീര്‍ പുതിയ സീസണിന് (IPL 2024) മുന്നോടിയായ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെയാണ് ദ്രാവിഡിനെ തല്‍സ്ഥാനത്തേക്ക് ഫ്രാഞ്ചൈസി പരിഗണിക്കുന്നത് (Rahul Dravid likely to replace Gautam Gambhir as Lucknow Super Giants mentor).
രവി ശാസ്‌ത്രിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ 2021-ലാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍റെ കുപ്പായം അണിഞ്ഞത്. രണ്ട് വര്‍ഷത്തേക്കുള്ള കരാറാണ് ലോകകപ്പോടെ അവസാനിച്ചിരിക്കുന്നത്. കരാര്‍ നീട്ടാന്‍ ബിസിസിഐക്ക് താല്‍പര്യമുണ്ടെങ്കിലും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ദ്രാവിഡ് ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് വിവരം. രാജസ്ഥാന്‍ റോയല്‍സും ദ്രാവിഡിനെ മെന്‍ററായി എത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.