ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ നായകൻ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി നിയമിച്ചു. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിന് എതിരായ ക്രിക്കറ്റ് പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി സ്ഥാനമേല്‍ക്കും. കാലാവധി അവസാനിക്കുന്ന രവിശാസ്ത്രിക്ക് പകരക്കാരനായാണ് ദ്രാവിഡ് വരുന്നത്. ബിസിസിഐ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ പുരുഷ ടീമിന്‍റെ പരിശീലക ചുമതല ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം നേരത്തെ ദ്രാവിഡ് നിരസിച്ചിരുന്നു. കുടുംബപരമായ വിഷയങ്ങളും മക്കളുടെ പഠനവും ചൂണ്ടിക്കാട്ടിയാണ് ദ്രാവിഡ് പരിശീലക കുപ്പായം നിരസിച്ചത്. എന്നാല്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവർ ദ്രാവിഡുമായി സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ് മുൻ ഇന്ത്യൻ നായകൻ മനസ് മാറ്റിയത്.