മൈസൂരു: അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മകന്‍റെ കളി കാണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും പങ്കാളി വിജേതയും. (Rahul Dravid and wife spotted watching their son play in Cooch Behar Trophy) മൈസൂരുവില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയ്‌ക്കായി ഉത്തരാഖണ്ഡിനെതിരായാണ് ദ്രാവിഡിന്‍റെ മകന്‍ സമിത് കളിക്കുന്നത്. മറ്റാരേയും അറിയിക്കാതെ സ്റ്റേഡിയത്തിലേക്ക് എത്തിയ ദ്രാവിഡ് ഗ്യാലറിയിൽ ഇരിക്കുന്നതിന് പകരം സ്റ്റെപ്പിലിരുന്നാണ് തന്‍റെ പങ്കാളിക്കൊപ്പം മകന്‍റെ കളി കണ്ടത്.
ഇതിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 'എല്ലാ മാതാപിതാക്കളെയും പോലെയാണ് തങ്ങളും മകന്‍റെ കളി കാണാന്‍ എത്തിയതെന്നും ഇതില്‍ പ്രത്യേകിച്ച് ഒന്നുമില്ലെന്നും' ദ്രാവിഡ് മാധ്യമങ്ങളോട് പ്രതികരിച്ചു. കര്‍ണാടയുടെ ഓള്‍ റൗണ്ടറാണ് ദ്രാവിഡിന്‍റെ മൂത്തമകനും 18-കാരനുമായ സമിത്. ദ്രാവിഡിന്‍റെ ഇളയ മകനായ അന്‍വെയും ക്രിക്കറ്റിന്‍റെ പാതയില്‍ തന്നെയുണ്ട്. അടുത്തിടെ കർണാടക അണ്ടര്‍ 14 ടീമിന്‍റെ ക്യാപ്റ്റനായി അൻവെയെ തിരഞ്ഞെടുത്തിരുന്നു.
അതേസമയം ഏകദിന ലോകകപ്പിന് ശേഷം വിശ്രമത്തിലാണ് 50-കാരനായ ദ്രാവിഡ്. ടൂര്‍ണമെന്‍റോടെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനെന്ന നിലയില്‍ ബിസിസഐയുമായുള്ള ദ്രാവിഡിന്‍റെ കരാര്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇതു ദീര്‍ഘിപ്പിച്ചതായി അടുത്തിടെ ബിസിസിഐ അറിയിച്ചു. (BCCI extends contracts of Rahul Dravid as Head Coach of India Cricket Team).
2021-ലെ ടി20 ലോകകപ്പോടെ കരാര്‍ കാലാവധി അവസാനിച്ച രവി ശാസ്‌ത്രിയുടെ പിന്‍ഗാമി ആയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യപരിശീലകനാവുന്നത്. രണ്ട് വര്‍ഷം കാലാവധി ഉണ്ടായിരുന്ന കരാര്‍ ആയിരുന്നു ഏകദിന ലോകകപ്പോടെ അവസാനിച്ചത്. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കരാര്‍ പുതുക്കാന്‍ തയ്യാറല്ലെന്ന് ദ്രാവിഡ് സൂചന നല്‍കിയെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.