ദുബായ്:അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (ICC) 2023 ഒക്ടോബറിലെ മികച്ച പുരുഷ താരമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് സെന്‍സേഷന്‍ രചിന്‍ രവീന്ദ്ര (Rachin Ravindra). ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ (Jasprit Bumrah), ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്ക് (Quinton De Kock) എന്നിവരെ പിന്നിലാക്കിയാണ് രചിന്‍റെ നേട്ടം.
നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനമാണ് രചിന്‍ രവീന്ദ്ര ന്യൂസിലന്‍ഡ് ടീമിനായി പുറത്തെടുത്തത്. പ്രാഥമിക റൗണ്ടില്‍ കിവീസ് കളിച്ച 9 മത്സരങ്ങളിലും കളത്തിലിറങ്ങിയ രചിന്‍ 70.62 ശരാശരിയില്‍ 565 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. ആദ്യ ലോകകപ്പില്‍ തന്നെ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും അടിച്ച് കിവീസിന്‍റെ ഹീറോയാകാനും രചിന് സാധിച്ചിട്ടുണ്ട്. നിലവില്‍ ലോകകപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനും രചിനാണ്.
'നേട്ടത്തില്‍ സന്തോഷം...' രചിന് പറയാനുള്ളത് ഇങ്ങനെ:'ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വ്യക്തിപരമായും ടീമിമനും ഏറെ പ്രത്യേകതകള്‍ നിറഞ്ഞ മാസമാണ് കടന്നുപോയത്. ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ കഴിഞ്ഞതിന്‍റെ അനുഭവങ്ങള്‍ തികച്ചും സവിശേഷമാണ്.