ചെന്നൈ: ക്രിക്കറ്റ് മത്സരങ്ങളിൽ അമ്പയർമാരുടെ തീരുമാനം തൃപ്‌തികരമല്ലെങ്കിൽ അത് ഡിആർഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃപരിശോധിക്കുന്നത് സർവസാധാരണമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാദേശിക ടി20 ടൂര്‍ണമെന്‍റായ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ (ടിഎൻപിഎൽ) റിവ്യൂ സിസ്റ്റമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. മാങ്കാദിങ് റണ്ണൗട്ടിൽ വിവാദപരമായ ചർച്ചയ്‌ക്ക് വഴിവച്ച ഇന്ത്യൻ സ്‌പിന്നർ ആർ അശ്വിൻ തന്നെയാണ് വിവാദപരമായ ഡിആർഎസ് തീരമാനത്തിനും പിന്നിൽ.
ടിഎൻപിഎല്ലിൽ ഡിണ്ടിഗൽ ഡ്രാഗൺസ് - ത്രിച്ചി മത്സരമാണ്, ഒരേ പന്തിൽ രണ്ട് തവണ റിവ്യൂ എടുത്ത് ക്രിക്കറ്റ് ആരാധകർക്ക് അപൂർവമായ രംഗങ്ങൾ സമ്മാനിച്ചത്. ബാറ്റർ നൽകിയ റിവ്യൂവിനെ തുടർന്ന് ഡിആർഎസിന്‍റെ സഹായത്തോടെ മൂന്നാം അമ്പയർ ഓൺ ഫീൽഡ് അമ്പയറുടെ തീരുമാനം റദ്ദാക്കുകയും ഇത് വീണ്ടും പുനഃപരിശോധിക്കാനായി അശ്വിൻ തീരുമാനിക്കുകയുമായിരുന്നു.
ആർ അശ്വിൻ എറിഞ്ഞ 13 ഓവറിന്‍റെ അവസാന പന്തിൽ ത്രിച്ചി ബാറ്റർ ആർ രാജ്‌കുമാർ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയതോടെയാണ് കൗതുകകരമായ സംഭവ വികാസങ്ങൾക്ക് തുടക്കമായത്. ഓൺ ഫീൽഡ് അമ്പയർ ഔട്ട് വിളിച്ചതോടെ ബാറ്റർ തീരുമാനം റിവ്യൂ ചെയ്യാൻ തീരുമാനിച്ചു. പുനഃപരിശോധനയിൽ പന്ത് ബാറ്റിനെ കടന്നുപോയപ്പോൾ വലിയ സ്‌പൈക്ക് ഉണ്ടായിട്ടും ഔട്ടല്ലെന്ന് വിധിച്ചു. ബാറ്റ് നിലത്തുപതിച്ചതിനാലാണ് സ്പൈക്ക് വന്നത് എന്ന അനുമാനത്തിലായിരുന്നു തേർഡ് അമ്പയർ തീരുമാനം.
എന്നാൽ തേർഡ് അമ്പയറുടെ തീരുമാനത്തിൽ തൃപ്‌തനാകാത്ത അശ്വിൻ വീണ്ടും ഡിആർഎസ് പരിശോധിക്കാൻ അമ്പയറെ സമീപിച്ചു. ഇത് ഓൺ ഫീൽഡ് അമ്പയർമാരുമായി തർക്കത്തിന് കാരണമായെങ്കിലും തന്‍റെ തീരുമാനം പരിശോധിക്കാൻ തേർഡ് അമ്പയർ തയ്യാറായി. തുടർന്ന് തീരുമാനം വീണ്ടും വിശദ പരിശോധന നടത്തിയ അമ്പയർ ബാറ്റും ബോളും തമ്മിൽ വ്യക്തമായ വിടവുണ്ടെന്നും ബാറ്റ് നിലത്തുരസിയതാണ് സ്‌പൈക്കിന് കാരണമായതെന്നും സ്ഥിരീകരിച്ചു.