ചെന്നൈ : ഏകദിന ലോകകപ്പിന് വെറും രണ്ട് മാസങ്ങള്‍ മാത്രം ശേഷിക്കെ ടീം കോമ്പിനേഷൻ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് ടീം ഇന്ത്യ. ഇതിന്‍റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വമ്പന്‍ പരീക്ഷണങ്ങളാണ് മാനേജ്‌മെന്‍റ് നടത്തിയത്. ആദ്യ ഏകദിനത്തില്‍ ബാറ്റിങ് ഓഡര്‍ പൊളിച്ചടുക്കിയപ്പോള്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
ഇതോടെ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ യുവതാരങ്ങള്‍ രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ വമ്പന്‍ വിജയവുമായി പ്രതീക്ഷ കാത്തു. ഇന്ത്യ കൂറ്റന്‍ വിജയം നേടിയ മത്സരത്തില്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണും നിര്‍ണായക പ്രകടനം നടത്തിയിരുന്നു. നാലാം നമ്പറിൽ ബാറ്റുചെയ്യാന്‍ എത്തിയ സഞ്‌ജു സാംസണ്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായാണ് തിളങ്ങിയത്.
എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമിലെ ബാറ്റിങ് ഓര്‍ഡറില്‍ ആദ്യ നാലില്‍ സഞ്‌ജുവിന് സ്ഥാനമില്ലെന്നാണ് വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കരുതുന്നത്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ സഞ്‌ജുവിന്‍റെ റോള്‍ വ്യത്യസ്‌തമാണെന്നാണ് അശ്വിന്‍ പറയുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ആശ്വിന്‍റെ വാക്കുകള്‍.
"വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ അര്‍ധ സെഞ്ചുറി നേടാന്‍ സഞ്‌ജു സാംസണിന് കഴിഞ്ഞിരുന്നു. എന്നാല്‍ ടി20 പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ കഴിഞ്ഞില്ല. മധ്യനിരയിലാണ് അവന് അവസരം ലഭിച്ചത്.
ഐപിഎല്ലിലേക്ക് വരുമ്പോൾ മൂന്നോ നാലോ നമ്പറിലാണ് അധികവും അവന്‍ ബാറ്റ് ചെയ്യാറുള്ളത്. ഏകദിനത്തിൽ, വളരെ മികച്ച റെക്കോഡാണ് അവനുള്ളതെന്ന് ഓര്‍ക്കണം. ഫോര്‍മാറ്റില്‍ അവന്‍റെ ബാറ്റിങ് ശരാശരിയും ഏറെ മികച്ചതാണ്.