നാഗ്‌പൂര്‍:ഈ വര്‍ഷത്തെ ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല. പാകിസ്ഥാനിലാണ് ടൂര്‍ണമെന്‍റ് നടക്കേണ്ടത്. എന്നാല്‍ സുരക്ഷ കാരണങ്ങളാല്‍ പാകിസ്ഥാനിലേക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതോടെ ഏഷ്യ കപ്പിന് ബിസിസിഐ ടീമിനെ അയച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ലോകകപ്പില്‍ നിന്നും പിന്മാറുമെന്ന പാകിസ്ഥാന്‍റെ ഭീഷണി വിലപ്പോകില്ലെന്നാണ് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍ പറയുന്നത്. ഇതൊക്കെ ഏറെ കേട്ടതാണെന്ന് താരം തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
"ഏഷ്യ കപ്പ് പാകിസ്ഥാനിൽ നടക്കേണ്ടതായിരുന്നു. എന്നാൽ, പാകിസ്ഥാനിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നതെങ്കില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ പങ്കെടുക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ വേദി മാറ്റിയേ തീരൂ.
പക്ഷെ നമ്മള്‍ ഇതിന് മുമ്പും ഇത്തരം കാര്യങ്ങള്‍ കണ്ടിട്ടുണ്ട്. ഏഷ്യ കപ്പിന് അവരുടെ സ്ഥലത്തേക്ക് പോകില്ലെന്ന് നമ്മള്‍ പറയുമ്പോള്‍, ഇവിടേക്ക് വരില്ലെന്ന് അവരും പറയും", അശ്വിന്‍ പറഞ്ഞു. അതേസമയം തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏഷ്യ കപ്പ് വേദി യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
എന്നാല്‍ ടൂര്‍ണമെന്‍റ് ശ്രീലങ്കയിൽ നടത്തണമെന്നാണ് തന്‍റെ അഭിപ്രായമെന്നും അശ്വിന്‍ വ്യക്തമാക്കി. ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ടൂര്‍ണമെന്‍റാണിത്. ദുബായിൽ നിരവധി ടൂർണമെന്‍റുകൾ നടന്നിട്ടുണ്ട്. അതിനാല്‍ ഏഷ്യ കപ്പ് ശ്രീലങ്കയിലേക്ക് മാറ്റിയാൽ തനിക്ക് സന്തോഷമേയുള്ളൂവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
വേദി സംബന്ധിച്ച തര്‍ക്കം അവസാനിക്കാത്തതിനാല്‍ മാര്‍ച്ചില്‍ നടക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിലാണ് ടൂര്‍ണമെന്‍റ് ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്.
ALSO READ:'ഇന്ത്യയെ പുറത്താക്കണം, അല്ലെങ്കില്‍ ഇതുകൊണ്ട് ഒരു കാര്യവുമില്ല': ഐസിസിയോട് ജാവേദ് മിയാൻദാദ്