ചെന്നൈ :ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ അടുത്തിടെ നടത്തിയ വിമര്‍ശനത്തിന്‍റെ ചുവടുപിടിച്ച് നിരവധി ചര്‍ച്ചകള്‍ അരങ്ങേറുന്നുണ്ട്. ഏറെ മികച്ച താരങ്ങളുണ്ടായിട്ടും കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്ത ടീമാണ് ഇന്ത്യയെന്നായിരുന്നു വോണ്‍ പറഞ്ഞത്. ഓസ്‌ട്രേലിയ-പാകിസ്ഥാൻ രണ്ടാം ടെസ്റ്റിനിടെയുള്ള ഒരു പാനൽ ചർച്ചയ്ക്കിടെ വോണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
''അടുത്ത കാലത്തൊന്നും അവര്‍ക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കുറഞ്ഞ നേട്ടങ്ങള്‍ മാത്രമുണ്ടാക്കിയ ടീമാണ് അവരെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ കിരീടങ്ങള്‍ ഒന്നും നേടുന്നില്ല.
എപ്പോഴാണ് അവര്‍ ഒരു കിരീടം വിജയിച്ചത്?. ഇന്ത്യന്‍ താരങ്ങളുടെ കഴിവ് പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍ ഏറെ നേട്ടങ്ങള്‍ കൈവരിക്കേണ്ടതായിരുന്നു'' - വോണ്‍ പറഞ്ഞു. ഇപ്പോഴിതാ വോണിന്‍റെ ഈ വാക്കുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ക്കും മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍. ഇത്തരം ചര്‍ച്ചകള്‍ കേട്ടപ്പോള്‍ തനിക്ക് ചിരിവന്നുവെന്നാണ് അശ്വിന്‍ പറയുന്നത്(R Ashwin Against Michael Vaughan).
ഇതുസംബന്ധിച്ച് തന്‍റെ യൂട്യൂബ് ചാനലില്‍ അശ്വിന്‍ നടത്തിയ പ്രതികരണം ഇങ്ങനെ. "ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന് ശേഷം, കാര്യമായ നേട്ടങ്ങളുണ്ടാക്കാത്ത ടീമാണ് ഇന്ത്യയെന്നാണ് മൈക്കൽ വോൺ പ്രസ്‌താവന നടത്തിയിരിക്കുന്നത്. അതെ, വർഷങ്ങളായി ഞങ്ങൾ ഐസിസി ട്രോഫികൾ നേടിയിട്ടില്ല. എന്നാൽ സമീപകാലത്ത് വിദേശ മണ്ണിലെ ഏറെ മികച്ച ടെസ്റ്റ് ടീമുകളിലൊന്നാണ് ഞങ്ങള്‍.
മികച്ച നിരവധി ഫലങ്ങളാണ് ടീമുണ്ടാക്കിയിട്ടുള്ളത്. അദ്ദേഹം അത് പറഞ്ഞതിന് ശേഷം നമ്മുടെ സ്വന്തം രാജ്യത്ത് നിന്നുള്ള നിരവധി വിദഗ്‌ധര്‍ ഇന്ത്യ കാര്യമായ നേട്ടങ്ങളുണ്ടാക്കാത്ത ടീമാണോ എന്ന് ചോദ്യമുയര്‍ത്താന്‍ തുടങ്ങി. സത്യസന്ധമായി പറയുകയാണെങ്കില്‍, എനിക്ക് ചിരിയാണ് വന്നത്.