ചെന്നൈ : വരാനിരിക്കുന്ന ഏകദിന ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിൽ ഏതൊക്കെ താരങ്ങൾ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. സീനിയർ താരങ്ങളോടൊപ്പം തന്നെ യുവതാരങ്ങളും ടീമിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിലേക്ക് ഇടം നേടിയ അശ്വിൻ ഇത്തവണ ഏകദിന ലോകകപ്പ് കളിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അശ്വിനെ ടി20 ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അതിന് ശേഷം താരത്തിന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പ്ലെയിങ് ഇലവനിൽ പുറത്തായിരുന്നു താരം. ഏകദിന ലോകകപ്പിനായി ബിസിസിഐയുടെ പ്ലാനിലുള്ള താരങ്ങളെല്ലാം വിവിധ പരമ്പരകളുടെ തിരക്കിലാണ്.
എന്നാൽ അശ്വിനാകട്ടെ നാട്ടിലും. ലോകകപ്പിന് മുന്നോടിയായുള്ള പരമ്പരകളിൽ ഒന്നും ഉൾപ്പെടുത്താത്തതിനാൽ തന്നെ ബിസിസിഐയുടെ ലോകകപ്പ് പദ്ധതികളിൽ അശ്വിനെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി അശ്വിൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടീം സെലക്ഷന്‍ തന്‍റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടതില്ലെന്നുമാണ് അശ്വിൻ വ്യക്‌തമാക്കിയിരിക്കുന്നത്.
'ഏകദിന ലോകകപ്പ് ടീം സെലക്ഷനിൽ പരിഗണിക്കുമോ ഇല്ലയോ എന്നത് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. കാരണം ടീം സെലക്ഷൻ എന്‍റെ ജോലിയല്ല. എന്‍റെ നിയന്ത്രണത്തിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കില്ലെന്ന് വളരെ കാലം മുൻപ് തന്നെ ഞാൻ തീരുമാനിച്ചിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ജീവിതത്തിലും ക്രിക്കറ്റിലും ഞാൻ ഇപ്പോൾ നല്ല നിലയിൽ മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ തന്നെ നെഗറ്റിവിറ്റിയെ അകറ്റി നിർത്താൻ ഞാൻ ശ്രമിക്കുന്നു' - അശ്വിൻ പറഞ്ഞു.