ഇൻഡോർ : ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യൻ സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കിയത്. മത്സരത്തിൽ അലക്‌സ് കാരിയുടെ വിക്കറ്റെടുത്തതോടെ പുത്തനൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് അശ്വിൻ. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്.
ഇന്ത്യൻ മുൻ നായകൻ കപിൽ ദേവിനെയാണ് അശ്വിൻ മറികടന്നത്. 448 ഇന്നിങ്‌സുകളിൽ നിന്ന് 687 വിക്കറ്റുകളാണ് കപിൽ ദേവിന്‍റെ സമ്പാദ്യം. എന്നാൽ മൂന്നാം ടെസ്റ്റിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതോടെ 347 മത്സരങ്ങളിൽ നിന്ന് അശ്വിന്‍റെ വിക്കറ്റ് നേട്ടം 689 ആയി. 499 ഇന്നിങ്‌സുകളിൽ നിന്ന് 953 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 442 ഇന്നിങ്‌സുകളിൽ നിന്ന് 707 വിക്കറ്റ് വീഴ്‌ത്തിയ ഹർഭജൻ സിങ്ങാണ് രണ്ടാമതുള്ളത്.
ALSO READ:IND vs AUS | ലിയോണിന് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ ; ഓസീസിന് 75 റണ്‍സ് വിജയ ലക്ഷ്യം
നേരത്തെ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ 100 വിക്കറ്റ് വീഴ്‌ത്തിയ താരം എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ 20 ടെസ്റ്റുകളിൽ നിന്നാണ് 100വിക്കറ്റെന്ന നേട്ടം അശ്വിൻ സ്വന്തമാക്കിയത്. നിലവിൽ 20 മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ വീഴ്‌ത്തിയ അനിൽ കുംബ്ലെയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് അശ്വിൻ. 95 വിക്കറ്റുകളുമായി ഹർഭജൻ സിങ്ങാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 450 വിക്കറ്റ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും അശ്വിൻ സ്വന്തമാക്കിയിരുന്നു. 89 മത്സരങ്ങളിൽ നിന്നാണ് 450 വിക്കറ്റുകൾ വീഴ്‌ത്തി അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ അനിൽ കുംബ്ലെക്ക് ശേഷം ടെസ്റ്റിൽ 450 വിക്കറ്റ് തികയ്‌ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡും അശ്വിൻ തന്‍റെ പേരിലാക്കിയിരുന്നു.