സെഞ്ചൂറിയൻ: സെഞ്ചൂറിയനിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റൻ ഡി കോക്ക്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് 29 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന, ടി20 ഫോർമാറ്റുകളിൽ താരം തുടർന്നും കളിക്കും.
ആദ്യത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ഡി കോക്ക് ഇന്ത്യക്കെതിരായ രണ്ടും മൂന്നും ടെസ്റ്റുകൾ കളിച്ചേക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരം അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപിച്ചത്.
'ഇത് ഞാൻ വളരെ പെട്ടന്ന് കൈക്കൊണ്ട തീരുമാനമല്ല. ഭാവിയെക്കുറിച്ച് വളരെ ദീർഘമായി ആലോചിച്ചു. ജീവിതത്തിൽ എന്തിനൊക്കെയാണ് പ്രാധാന്യം നൽകേണ്ടതെന്നും ചിന്തിച്ചു. എന്‍റെ കുടുംബത്തിന്‍റെ ഭാവിക്ക് വേണ്ടിയാണ് ഞാൻ ഈ തീരുമാനമെടുത്തത്.
എന്‍റെയും സാഷയുടേയും ജീവിതത്തിൽ പുതിയൊരു അതിഥി കൂടി എത്തുകയാണ്. അതിനാൽ ഞങ്ങളുടെ ജീവിതം കുറച്ചുകൂടി വിപുലമാവുകയാണ്. എന്‍റെ കുടുംബമാണ് എനിക്ക് എല്ലാം. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിൽ അവരോടൊപ്പം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു'. ഡി കോക്ക് പറഞ്ഞു.
'ഞാൻ ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്‌ടപ്പെടുന്നു. എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. ഉയർച്ച താഴ്ചകളും ആഘോഷങ്ങളും നിരാശകളും പോലും ഞാൻ ആസ്വദിച്ചു. എന്നാൽ അതിലും പ്രാധാന്യമുള്ള ഒന്നാണ് എന്‍റെ ജീവിതത്തിൽ കടന്ന് വരാൻ പോകുന്നത്.