ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്‍റെ അവസാന ഏകദിന ലോകകപ്പ് സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കാനുള്ള പടയോട്ടത്തിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്ക് (Quinton De Kock). ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്തെ കളി മതിയാക്കിയ ക്വിന്‍റണ്‍ ഡി കോക്ക് ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ആയിരുന്നു രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ പുരോഗമിക്കുന്ന ലോകകപ്പില്‍ (Cricket World Cup 2023) പ്രോട്ടീസിന്‍റ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
നിലവില്‍ ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡി കോക്ക് (Most Runs In Cricket World Cup 2023). ലോകകപ്പിലെ ഏഴ് മത്സരവും കളിച്ച ഡി കോക്ക് 77.85 ശരാശരിയില്‍ 545 റണ്‍സാണ് ഇതിനോടകം അടിച്ചെടുത്തത്. ലോകകപ്പില്‍ ഇതുവരെയുള്ള പ്രകടനം കൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കായി ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന ജാക്ക് കാലിസിന്‍റെ റെക്കോഡ് തന്‍റെ പേരിലാക്കാനും ക്വിന്‍റണ്‍ ഡി കോക്കിനായി.
കൂടാതെ, ചരിത്രത്തില്‍ ലോകകപ്പിന്‍റെ സിംഗിള്‍ എഡിഷനില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എന്ന നേട്ടവും ഇപ്പോള്‍ ഡി കോക്കിനാണ് സ്വന്തം. ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡിന് ഉടമയും നിലവില്‍ ക്വിന്‍റണ്‍ ഡി കോക്കാണ്. ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര 2015ല്‍ 541 റണ്‍സ് നേടി സ്വന്തം പേരിലാക്കിയ റെക്കോഡാണ് ഡി കോക്ക് തകര്‍ത്തത്.